തിരുവനന്തപുരം: നഗരസഭയിലെ ആരോഗ്യ വിഭാഗത്തിൽ താത്കാലിക നിയമനത്തിനുവേണ്ടി കത്തെഴുതിയിട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ ഇന്നലെ ഓംബുഡ്സ്‌മാന് മറുപടി നൽകി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തിട്ടില്ല. ഈ സാഹചര്യത്തിൽ തനിക്കെതിരായ പരാതി തള്ളണമെന്നും തദ്ദേശ സ്ഥാപനങ്ങളിലെ ഓംബുഡ്സ്‌മാനുള്ള മറുപടിയിൽ മേയർ വ്യക്തമാക്കി.
രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് കത്ത് വ്യാജമായി തയ്യാറാക്കി പ്രചരിപ്പിച്ചത്. നഗരസഭയിലെ പ്രവർത്തനങ്ങളെ താഴ്‌ത്തിക്കെട്ടാനുള്ള പ്രചാരണമാണ് നടക്കുന്നതെന്നും മേയറുടെ മറുപടിയിൽ പറയുന്നു. തനിക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോട് പരാതി നൽകിയത് തെളിവുകളുടെ അടിസ്ഥാനത്തിലല്ല. പരാതിയിൽ കഴമ്പില്ല. വെറും ഊഹിച്ചെടുത്ത ആരോപണമാണെന്നും മേയർ വ്യക്തമാക്കി.
പ്രചരിക്കുന്ന കത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതിയിൽ താൻ സംഘടനയുടെ ഒരു മാർച്ചിൽ പങ്കെടുക്കാനായി ഡൽഹിയിലായിരുന്നു. മാർച്ച് കഴിഞ്ഞ് കഴിഞ്ഞ നാലിനാണ് നാട്ടിലെത്തിയത്. വിവാദത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് തുടരന്വേഷണം നടത്തുകയാണ്. ഡൽഹിയിലേക്ക് സഞ്ചരിച്ച വിമാനയാത്ര ടിക്കറ്റിന്റെയും ക്രൈംബ്രാഞ്ച് എഫ്.ഐ.ആറിന്റെയും പകർപ്പുകളും മേയർ മറുപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുധീർഷായുടെ പരാതിയിൽ കഴിഞ്ഞ ദിവസം കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസും മറുപടി നൽകിയിരുന്നു. ഡിസംബർ രണ്ടിന് ഓൺലൈൻ സിറ്റിംഗിൽ മേയറും സെക്രട്ടറിയും പങ്കെടുക്കണമെന്നും ഓംബുഡ്സ്‌മാൻ നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ വിഭാഗത്തിലെയും ഡാറ്റ എൻട്രി വിഭാഗത്തിലെയും ഉദ്യോഗസ്ഥരുടെ മൊഴി ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം രേഖപ്പെടുത്തി.