railway

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം മുതൽ മംഗലാപുരം വരെ സർവ്വീസ് നടത്തുന്ന ട്രെയിനുകളുടെ വേഗത കൂട്ടാൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ് നിർദ്ദേശിച്ചു. ഇതിന്റെ സാദ്ധ്യത സാങ്കേതിക,ഗതാഗത, ഒാപ്പറേറ്റിംഗ് ടീം പരിശോധിച്ച് റിപ്പോർട്ട് നൽകും.

കഴിഞ്ഞ രണ്ടുദിവസമായി കന്യാകുമാരി മുതൽ മംഗലാപുരം വരെയുള്ള സംസ്ഥാനത്തെ രണ്ട് റെയിൽവേ ഡിവിഷനുകളിലെ ട്രാക്കുകളിൽ വിൻഡോ ട്രെയിലിംഗ് നടത്തിയ ശേഷം ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ട്രെയിനുകളുടെ വേഗത കൂട്ടാമെന്നും ഇതിന്റെ സാദ്ധ്യത പൂർണ്ണമായി പരിശോധിക്കണമെന്നും ആർ.എൻ. സിംഗ് നിർദ്ദേശിച്ചത്. ദക്ഷിണറെയിൽവേയിലെ ചീഫ് അഡ്മിനിസ്ട്രേറ്റിംഗ് ഒാഫീസർ ആർ.പി.സിംഗ്, തിരുവനന്തപുരം ഡിവിഷണൽ മാനേജർ ആർ. മുകുന്ദ്, പാലക്കാട് ഡി.ആർ.എം. ത്രിലോക് കോത്താരി, ചീഫ് എൻജിനിയർ വി. രാജഗോപാൽ തുടങ്ങി ഉയർന്ന ഉദ്യോഗസ്ഥരും ജനറൽ മാനേജർക്കൊപ്പം ഉണ്ടായിരുന്നു.

കന്യാകുമാരിസ്റ്റേഷൻ വികസനപദ്ധതികളും അദ്ദേഹം വിലയിരുത്തി. എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ, കൊല്ലം തുടങ്ങിയ സ്റ്റേഷനുകളുടെ നവീകരണവും പുനർനിർമ്മാണവും നടത്തുന്നതിനുള്ള ടെൻഡറിന് യോഗത്തിൽ അനുമതി നൽകി. കൂടാതെ ചെങ്ങന്നൂർ, തൃശൂർ സ്റ്റേഷനുകളുടെ നവീകരണത്തിനുള്ള ഡീറ്റെയ്ൽഡ് പ്രൊജക്ട് റിപ്പോർട്ട് അംഗീകരിച്ചു. ഇതിന് പുറമെ തിരുവനന്തപുരം,വർക്കല, കോഴിക്കോട് സ്റ്റേഷനുകളുടെ പുനർനിർമ്മാണത്തിന് ഡി.പി.ആർ തയ്യാറാക്കാനും നിർദ്ദേശിച്ചു.

ദക്ഷിണറെയിൽവേ ജനറൽ മാനേജരായി ചുമതലയേറ്റതിന് ശേഷം ഇതാദ്യമായാണ് ഇത്ര വിപുലമായ ട്രാക്ക്, സ്റ്റേഷൻ, പദ്ധതി നിർവ്വഹണം എന്നിവയുടെ വിലയിരുത്തലിനായി വിൻഡോ ട്രെയിലിംഗ് നടത്തിയത്. ട്രാക്കിലൂടെ നീങ്ങുന്ന പ്രത്യേകമായി രൂപകൽപന ചെയ്ത ഗ്ളാസ് നിർമ്മിത കോച്ചിൽ ഇരുന്നാണ് ജനറൽ മാനേജർ വിൻഡോ ട്രെയിലിംഗ് നടത്തുക. കോച്ചിനുള്ളിൽ ഇരുന്നാൽ ട്രാക്ക് നേരിട്ട് കാണാം. പരിസരവും മുന്നിലുള്ള ട്രാക്കിന്റെ വളവുകളും ആംഗിളും കോച്ചിനുള്ളിലെ മോണിറ്ററിൽ കാണാം. സംശയങ്ങൾ ചോദിക്കാനും വിലയിരുത്താനും വീഡിയോ കോൺഫറൻസ് സംവിധാനവുമുള്ള കോച്ചിൽ മീറ്റിംഗും നടത്താം. ഉദ്യോഗസ്ഥർക്ക് പുറമെ എറണാകുളത്തുവെച്ച് റെയിൽവേ പാസഞ്ചർ സർവ്വീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്‌ണദാസുമായും ആർ.എൻ. സിംഗ് ചർച്ച നടത്തി.