ലോഗോ ലോഞ്ച് നടൻ ഉണ്ണി മുകുന്ദൻ നിർവഹിച്ചു
രജിസ്‌ട്രേഷൻ 29ന് അവസാനിക്കും
തിരുവനന്തപുരം : ഫാഷൻ ലോകത്തെ വേറിട്ട പരീക്ഷണങ്ങൾ റാംപിലെത്തിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന്റെ തലസ്ഥാനത്തെ ആദ്യ എഡീഷൻ ഡിസംബർ ഒന്ന് മുതൽ നാല് വരെ ലുലു മാളിൽ നടക്കും. ഫെസ്റ്റിന്റെ ലോഗോ ലോഞ്ച് നടൻ ഉണ്ണി മുകുന്ദൻ നിർവഹിച്ചു. ബ്യൂട്ടി ക്വീൻ,മാൻ ഒഫ് ദ ഇയർ പട്ടങ്ങൾക്കായാണ് മത്സരാർത്ഥികൾ ലുലു ബ്യൂട്ടി ഫെസ്റ്റിൽ മാറ്റുരയ്ക്കുക. ഇതിന് പുറമെ മിസ്റ്റർ ആൻഡ് മിസ് ഫോട്ടോജെനിക്, പേഴ്സണാലിറ്റി ഉൾപ്പെടെ പന്ത്രണ്ട് പേരെയും തിരഞ്ഞെടുക്കും. ആകെ 3 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുക. 29ന് അവസാനിക്കുന്ന രജിസ്‌ട്രേഷനിൽ 18നും 27 വയസ്സിനുമിടയിലുള്ള ആർക്കും പങ്കെടുക്കാം.9037397426 എന്ന നമ്പറിലേക്ക് മത്സരാർത്ഥികൾ അയയ്ക്കുന്ന സ്വയം പരിചയപ്പെടുത്തൽ വീഡിയോ വിലയിരുത്തിയാണ് ഒഡീഷൻ റൗണ്ടുകളിലേക്കുള്ള പ്രവേശനം. പ്രമുഖ കോറിയോഗ്രാഫർമാർ,സ്റ്റൈലിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ മത്സരാർത്ഥികൾക്ക് പരിശീലനം നൽകും. ആദ്യ മൂന്ന് ദിവസത്തെ റൗണ്ടുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 20 പേർ നാലിന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കും. പ്രമുഖ ബ്രാൻഡുകളായ യാർഡ്ലിയും,എൻചാന്ററും ചേർന്നാണ് ബ്യൂട്ടി ഫെസ്റ്റ് അവതരിപ്പിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ രാജേഷ് ഇ.വി, ബയിംഗ് മാനേജർ റഫീഖ് സി.എ, മാൾ ജനറൽ മാനേജർ ഷെറീഫ് കെ.കെ ഉൾപ്പെടെയുള്ളവർ ലോഗോ ലോഞ്ചിൽ പങ്കെടുത്തു.