തിരുവനന്തപുരം: തുറമുഖ സമരത്തിന്റെ മറവിൽ പാവപ്പെട്ടവരെ ആക്രമിക്കാൻ പൊലീസ് ഒത്താശ ചെയ്‌താൽ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കിളിമാനൂർ സുരേഷ് പറഞ്ഞു. ജനങ്ങളെ മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷണർ ഓഫീസിലേക്ക് ഇന്നലെ രാത്രി ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാനവീയം വീഥിയിൽ നിന്നാരംഭിച്ച മാർച്ച് കമ്മിഷണർ ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ബി.എം.എസ് ജില്ലാ സെക്രട്ടറി ജയകുമാർ, ഹിന്ദുഐക്യവേദി നേതാക്കളായ സന്ദീപ് തമ്പാനൂർ, വഴയില ഉണ്ണി, ബിജു അറപ്പുര, ബി.ജെ.പി നേതാക്കളായ അഡ്വ.എസ്. സുരേഷ്, വെങ്ങാനൂർ സതീഷ്, കോർപ്പറേഷൻ കൗൺസിൽ പാർട്ടി ലീഡർ എം.ആർ. ഗോപൻ തുടങ്ങിയവർ സംസാരിച്ചു.