phc

മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തിൽ ചികിത്സ സൗകര്യം വർധിപ്പിക്കുന്നതിനായി കിഴുവിലം പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി പ്രവർത്തിപ്പിക്കണമെന്ന് ആവശ്യം. ഇതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രമായി പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ അധിക തസ്തികകൾ അനുവദിക്കണമെന്നും വൈകുന്നേരം 6 മണിവരെ ആശുപത്രി പ്രവർത്തനം നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ .ആർ.ശ്രീകണ്ഠൻ നായർ ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നൽകി. ആശുപത്രിയുടെ വികസനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ടും വി.ശശി എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടും ഉൾപ്പടെ 65 ലക്ഷം രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയായി വരുന്നു. തകർന്നുകിടക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിന്റെ റീ ടാറിംഗ് ജോലികൾ പാതിവഴിയിൽ നിന്നിരിക്കുകയാണ്. ആറ് മാസംമുമ്പ് പണിയെടുത്ത കരാറുകാരൻ സാധനങ്ങൾ ഇറക്കിയെങ്കിലും പണി ആരംഭിച്ചിട്ടില്ല. അതിനാൽ അടിയന്തിരമായി റീ ടാറിംഗ് പൂർത്തിയാക്കാൻ കരാറുകാരനോട് നിർദ്ദേശിക്കാനും പൂർത്തിയാക്കാത്ത പക്ഷം കരാറുകാരനെതിരെ തുടർ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അറിയിച്ചു.