hosp

ശ്വാസകോശ പ്രശ്‌നങ്ങൾ വ്യാപകം

തിരുവനന്തപുരം: കൊവിഡിൽ നിന്ന് രക്ഷപ്പെട്ടെന്ന് ആശ്വസിക്കുമ്പോൾ കൊവിഡിനെക്കാൾ കടുത്ത ചുമയും ശ്വാസതടസവും മറ്റ് അസ്വസ്ഥതകളുമായി പനി (ഇൻഫ്ലുവൻസ )​ പടരുന്നതിൽ കടുത്ത ആശങ്ക. കൊവിഡ് ബാധിച്ചവരിലാണ് പനി സങ്കീർണമാകുന്നത്. അവരുടെ ശ്വാസകോശത്തിന് ഇൻഫ്ലുവൻസ വൈറസിനെ താങ്ങാനുള്ള ശേഷി കുറവാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

26 ദിവസത്തിനിടെ 2.52 ലക്ഷം പേരാണ് പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ മാത്രം എത്തിയത്. 72,​640 പേരും ഒരാഴ്‌ചയ്‌ക്കിടെയാണ് എത്തിയത്. മലപ്പുറത്തും കണ്ണൂരുമാണ് രോഗികൾ കൂടുതൽ. സംസ്ഥാനത്ത് ഇക്കൊല്ലം 14 പനി മരണങ്ങളുണ്ടായി.

ഇൻഫ്ലുവൻസ പടരുന്ന കാലമാണിത്. തൊണ്ട, മൂക്ക്, ശ്വാസകോശം എന്നിവയെയാണ് ഇൻഫ്ലുവൻസ വൈറസ് ബാധിക്കുന്നത്. ദീർഘകാലം നീണ്ടുനിൽക്കുന്ന ചുമ, ശ്വാസതടസം എന്നിവയാണ് ലക്ഷണങ്ങൾ. ഇൻഫ്ലുവൻസ എ,ബി വകഭേദങ്ങൾ കേരളത്തിലുണ്ട്. സാമ്പിളുകൾ തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചതിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇത്തരം ലക്ഷണങ്ങളുമായി വരുന്നവർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് കൊവിഡ് പരിശോധന നടത്തുന്നത്. അത് നെഗറ്റീവാണെങ്കിൽ മറ്റു പരിശോധനകൾ നടത്താറില്ല. ജീവന് അപകടമില്ലാത്തതിനാൽ കൂടുതൽ പരിശോധനകളും നടത്തില്ല.

പനി 104 ഡിഗ്രി വരെ,

ഡോസും കൂടുതൽ

മുമ്പ് കുട്ടികളിൽ 100 ഡിഗ്രി ആയിരുന്നു ഉയർന്ന പനി. ഇപ്പോൾ ശരാശരി 104 ഡിഗ്രി പനിയാണ് കാണുന്നതെന്ന് ഡോക്ടർമാർ പറയുന്നു. പാരസെറ്റമോൾ ഇൻജക്‌ഷൻ എടുത്താലും പനി മാറുന്നില്ല. വീര്യം കൂടിയ പാരസെറ്റമോൾ ഡ്രിപ്പായി നൽകണം.

'കൊവിഡ് കാരണം ശ്വാസകോശത്തിന് ചെറിയ തകരാറ് സംഭവിച്ചവർക്ക് പോലും ഇൻഫ്ലുവൻസ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും.'

-ഡോ.പദ്മനാഭ ഷേണായി

റ്യുമറ്റോളജിസ്റ്റ്,കൊച്ചി

'മാസ്‌ക്ക് കർശനമായി ഉപയോഗിക്കണം. ആൾക്കൂട്ടത്തിൽ മാസ്‌ക്ക് ഉപയോഗിച്ചാൽ ഇൻഫ്ലുവൻസയിൽ നിന്ന് രക്ഷനേടാം. പ്രായമായവർ ഇൻഫ്ലുവൻസ വാക്സിനും സ്വീകരിക്കണം.'

-ഡോ.ബി.ഇക്ബാൽ

ആരോഗ്യവിദഗ്ദ്ധൻ

ഒരാഴ്ചയിലെ പനിബാധിതർ

തിരുവനന്തപുരം........7151

കൊല്ലം.............................4145

പത്തനംതിട്ട..................1836

ഇടുക്കി............................1994

കോട്ടയം ........................3547

ആലപ്പുഴ........................4573

എറണാകുളം...............6115

തൃശൂർ.............................5151

പാലക്കാട്......................6131

മലപ്പുറം .......................8030

കോഴിക്കോട് ............7499

വയനാട്.....................4760

കണ്ണൂർ........................8112

കാസർകോട്............3595

പനിബാധിതർ

2021 നവംബർ

1,​85,​255 (കൊവിഡ് കാലം)

2020 നവംബർ

81,​994