കണ്ണൂർ: ഒഴിവുകൾ നികത്താത്തതും ആവശ്യമായ ഫണ്ട് വകയിരുത്താത്തതും പഴശ്ശി ജലസേചന പദ്ധതിയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നു. 2025 ആകുമ്പോഴേക്കും പദ്ധതി റീകമ്മിഷൻ ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ കൈയേറ്റം ഒഴിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥർ ഇല്ലാത്തത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മുൻപ് 3 ഡിവിഷനും 5 സബ് ഡിവിഷനും 17 സെക്‌ഷൻ ഓഫീസും ഉണ്ടായിരുന്ന പഴശ്ശി ജലസേചന പദ്ധതിക്ക് ഇപ്പോൾ ഒരോന്ന് വീതം ഡിവിഷൻ, സബ് ഡിവിഷൻ ഓഫീസും നാല് സെക്‌ഷൻ ഓഫീസും മാത്രമാണുള്ളത്. ഫെബ്രുവരി മുതൽ ഒഴിഞ്ഞുകിടക്കുന്ന വെളിയമ്പ്ര സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയറുടെ തസ്തികയിൽ നിയമനം നടത്താനുള്ള നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. കൂത്തുപറമ്പ് സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ ഉടനെ തന്നെ ട്രാൻസ്ഫർ ആവുകയാണ്. വർഷങ്ങളായി നികത്താതെ കിടക്കുന്ന ഡാമിന്റെ ഇലക്ട്രിക്കൽ കം മെക്കാനിക്കൽ ഡ്യൂട്ടിയും മറ്റ് സെക്ഷനിലെ ജീവനക്കാരാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ കനാൽ നവീകരണ പ്രവർത്തനത്തിനും പദ്ധതിക്കു കീഴിൽ വരുന്ന 2062ഓളം ഹെക്ടർ സ്ഥലത്തിന്റെ പരിപാലനം, കൈയ്യേറ്റം അന്വേഷിക്കൽ, കനാൽ ഭൂമി സർവേ മുതലായ കാര്യങ്ങൾക്കും ആവശ്യമായ ഉദ്യോഗസ്ഥർ ഇല്ലാത്ത അവസ്ഥയാണ്.
പഴശ്ശി ജലസേചന പദ്ധതി
ജില്ലയിൽ വളപട്ടണം പുഴക്ക് കുറുകെ കുയിലൂരിൽ അണകെട്ടി ജലനിരപ്പ് ഉയർത്തി പുഴവെള്ളം കനാലുകൾ വഴി വയലുകളിൽ എത്തിക്കുന്ന പദ്ധതി. 1979 ൽ ഭാഗികമായി പൂർത്തീകരിച്ചു. തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി എന്നീ താലൂക്കുകളിലായി 46.26 കിലോമീറ്റർ പ്രധാന കനാലുൾപ്പെടെ ശാഖ കനാലും വിതരണ കനാലും നീർചാലുകളുമായി ആകെ 420 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നു. കേരള വാട്ടർ അതോറിറ്റി കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പഴശ്ശി പദ്ധതിയെയാണ്. കൂടാതെ ജപ്പാൻ കുടിവെള്ള പദ്ധതിയും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും കെ.എസ്.ഇ.ബിയുടെ പല ആവശ്യങ്ങൾക്കും പഴശ്ശി ജലമാണ് ഉപയോഗിക്കുന്നത്.
2008ലാണ് പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായി അവസാനമായി ജലവിതരണം നടന്നത്. നവീകരണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഏപ്രിലിൽ 5 കിലോമീറ്റർ ട്രയൽ റൺ നടത്തിയത് വിജയമായിരുന്നു. മേയ് മാസത്തോടെ ചില പ്രവൃത്തികൾ പൂർത്തിയാക്കാനുണ്ട്. ഉദ്യോഗസ്ഥരില്ലാത്തതും ഫണ്ടിന്റെ അപര്യാപ്‌തതയും വെല്ലുവിളിയാണ്.
കെ. സന്തോഷ്,
പഴശ്ശി ജലസേചന പദ്ധതി
സബ് ഡിവിഷൻ
അസി.എക്സിക്യൂട്ടിവ് എൻജിനീയർ