dileesh

തിരുവനന്തപുരം: യു.കെയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി സമ്മേളനത്തിൽ പ്രതിനിധിയായി തിരുവനന്തപുരം സ്വദേശി ദിലീഷ് വിശ്വനാഥനെ തിരഞ്ഞെടുത്തു. നാഷണൽ യൂണിയൻ ഒഫ് സ്റ്റുഡൻസിന്റെ (എൻ.യു.എസ്) രണ്ട് സമ്മേളനങ്ങളിലെ പ്രതിനിധിയായ നേട്ടമാണ് തിരുവനന്തപുരം പേട്ട സ്വദേശിയായ ദിലീഷ് സ്വന്തമാക്കിയത്. ലിവർപൂൾ സർവകലാശാലയിലെ എം.എസ് പ്രൊജക്ട് മാനേജ്‌മെന്റ് വിദ്യാർത്ഥിയാണ്.

ദേശീയ വിദ്യാർത്ഥി സമ്മേളനത്തിലേക്ക് എതിരില്ലാതെയും വിമോചന സമ്മേളനത്തിലേക്ക് കറുത്ത വർഗക്കാരുടെ പ്രതിനിധിയായി ഏറ്റവും കൂടുതൽ വോട്ട് നേടിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. യു.കെയിൽ ഉന്നത വിദ്യാഭ്യാസം നടത്തുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും അറുന്നൂറോളം സർവകലാശാലകളിലെ വിദ്യാർത്ഥികളുടെ സംഘടനയായ എൻ.യു.എസിന്റെ ഭാഗമാണ്.

മാർ ഇവാനിയോസ് കോളേജിൽ നിന്ന് ഡിഗ്രിയും കുസാറ്റിൽ നിന്ന് ബി.ടെക്കും പൂർത്തിയാക്കി യു.എ.ഇയിൽ കപ്പൽ നിർമ്മാണ സ്ഥാപനത്തിൽ പതിനഞ്ചു വർഷത്തോളം പ്രവർത്തിച്ച ശേഷമാണ് ബിരുദാനന്തര ബിരുദ പഠനത്തിനായി ദിലീഷ് ലിവർപൂൾ സർവകലാശാലയിൽ ചേർന്നത്. പേട്ട തോപ്പിൽ ലെയ്നിൽ, അന്തരിച്ച തിരുവനന്തപുരം നഗരസഭ മുൻ കൗൺസിലർ തോപ്പിൽ വിശ്വനാഥന്റെയും ശോഭന വിശ്വനാഥന്റെയും മകനാണ് ദിലീഷ്. സഹോദരങ്ങൾ: ദീപു വിശ്വനാഥ്, സീമ വിശ്വനാഥ്.