തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ പേരിന് കുറേ മൊഴികളെടുത്തതല്ലാതെ യാതൊരു വിധ അന്വേഷണവും നടത്താതെ കേസ് പൂട്ടികെട്ടാൻ ഒരുങ്ങുകയാണ് വിജിലൻസ്.മേയർ ആര്യാ രാജേന്ദ്രൻ,സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഡി.ആർ.അനിൽ,മേയർ ഓഫീസിലെ രണ്ട് സ്റ്റാഫുകളായ വിനോദ്,ഗിരീഷ് എന്നിവരുടെ മൊഴികൾ മാത്രമാണ് വിജിലൻസ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.മുൻ കൗൺസിലർ ജി.ശ്രീകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് അന്വേഷണം.എന്നാൽ മൊഴികൾ രേപ്പെടുത്തിയതല്ലാതെ ഒരിഞ്ച് അന്വേഷണം മുന്നോട്ട് പോയിട്ടില്ല.പരാതിയിൽ പറയുന്നത് പോലെ അനധികൃത നിയമനം നടന്നോ എന്നുള്ള അന്വേഷണവും നടക്കുന്നില്ല.കത്ത് വിവാദത്തിന്റെ ചൂടാറുന്ന മുറയ്ക്ക് അന്വേഷണം അവസാനിപ്പിക്കാനാണ് വിജിലൻസ് ശ്രമമെന്നാണ് ആക്ഷേപം.അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി.വിജിലൻസ് എസ്.പി കെ.ഇ.ബൈജുവിനെയാണ് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പിയായി സ്ഥലം മാറ്റിയത്.

സർക്കാരിന്റെ തന്നെ വിശ്വസ്ഥനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.എന്നാൽ ഐ.പി.എസ് പദവി ലഭിച്ച മുറയ്ക്കുള്ള മാറ്റമായിരുന്നു അത്. ആർ.ജയശങ്കരാണ് പുതിയ വിജിലൻസ് എസ്. പി. എന്നാൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ വന്നിട്ട് അന്വേഷണം പൂർണതോതിൽ ഇതുവരെ ആരംഭിച്ചിട്ടില്ല.

അന്വേഷണ അട്ടിമറി പാർട്ടി സമ്മർദ്ദമെന്ന് ആക്ഷേപം

അനധികൃത നിയമന അന്വേഷണം അട്ടിമറിക്കുന്ന പാർട്ടി സമ്മർദ്ദത്തിലാണെന്നാണ് ആരോപണം ഉയരുന്നത്.നഗരസഭയിൽ നിലവിൽ ഭരണപക്ഷ യൂണിന്റെ നേതൃത്വത്തിൽ പാ‌ർട്ടി പ്രവർത്തകരെയും മറ്റും താത്കാലിക അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്.കൊതുക് നശീകരണ വിഭാഗത്തിൽ പത്ത് വർഷമായി നിയമനം നടത്തിയിട്ട്.താത്കാലികമായി എടുക്കുന്നവരെ ഈ ജോലികൾ ചെയ്യിക്കാറാണ് നിലവിൽ ചെയ്യുന്നത്.

തുമ്പൂർമുഴി പോലുള്ള മാലിന്യ സംസ്കരണ പദ്ധതിയിലും ഇഷ്ടക്കാരെ മാനദണ്ഡം നോക്കാതെ നിയമിച്ചിട്ടുണ്ടെന്നാണ് ആരോപണം.വിജിലൻസ് ഈ നിയമനങ്ങളുടെ വേര് തേടി പോയാൽ ഈ നിയമനങ്ങളും ബന്ധപ്പെട്ട ആളുകളും വെട്ടിലാകും.അത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കും.ആ സാഹചര്യത്തിലാണ് വിജിലൻസിനോട് അന്വേഷണം കടുപ്പിക്കണ്ടായെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്.സാങ്കേതിക സഹായത്തിന്റെ സഹായമോ,​നിയമനങ്ങൾ സംബന്ധിച്ച ലിസ്റ്റോ ഇതിനോടകം ശേഖരിക്കേണ്ട വിജിലൻസ് കുറേ മൊഴികൾ രേഖപ്പെടുത്തിയതല്ലാതെ മറ്റ് അന്വേഷണങ്ങൾക്ക് മുതിർന്നിട്ടില്ല.കത്തിൽ പറയുന്ന തസ്തികൾ തെറ്റാണെന്നും അത്തരത്തിൽ നിയമനങ്ങൾ നടന്നിട്ടില്ലായെന്നുമുള്ള റിപ്പോർട്ട് തയ്യാറാക്കി അന്വേഷണം പൂർത്തികരിക്കാനാണ് സംഘത്തിന്റെ ശ്രമമെന്നാണ് സൂചന.