വിഴിഞ്ഞം: ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെതിരെ ഉൾപ്പെടെ മുഖം നോക്കാതെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ സമരക്കാർ പ്രകോപിതരാകുമെന്നും നിയന്ത്രിക്കാനാകാത്ത അക്രമ സംഭവങ്ങൾ ഉണ്ടാകുമെന്നും ഇന്റലിജൻസ് വിഭാഗം തിരിച്ചറിയാതെ പോയതിലുണ്ടായ വീഴ്ചയാണ് സമീപകാലത്തെങ്ങുമുണ്ടാകാത്ത വിധം പൊലീസ് സ്റ്റേഷൻ അടിച്ചുതകർത്ത് നിരവധി പൊലീസുകാരെ പരിക്കേല്പിക്കുന്ന വിധത്തിൽ വ്യാപക അക്രമമുണ്ടാകാൻ കാരണമായത്.
കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ അറസ്റ്രിലായ അഞ്ചുപേരെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനു മുന്നിൽ സമരക്കാർ തടിച്ചുകൂടിയപ്പോൾ ചുരുക്കം പൊലീസുകാർ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്. ലത്തീൻ അതിരൂപതയുടെ ആത്മീയ നേതാക്കൾക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ പൊലീസ് സ്‌റ്റേഷന് മതിയായ സംരക്ഷണമൊരുക്കാനും അധികൃതർ ശ്രമിച്ചില്ല.
പൊലീസ് സ്റ്റേഷന് മുന്നിലേക്ക് പ്രതിഷേധ സമരവുമായെത്തിയ സ്ത്രീകൾ അടക്കമുള്ള ആയിരത്തിലധികം സമരക്കാർ സ്റ്റേഷന് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ആദ്യഘട്ടത്തിൽ കല്ലേറാണ് നടന്നതെങ്കിൽ തുടർന്ന് ആക്രമണത്തിന്റെ രൂപം മാറി. സമീപത്ത് നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് കോൺക്രീറ്റ് ചെയ്യാനുള്ള തട്ട് നിർമ്മിക്കാൻ കൊണ്ടുവന്ന നീളമുള്ള തടിത്തൂണുകൾ എടുത്തുകൊണ്ടുവന്നു പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു.
സ്റ്റേഷനിലുണ്ടായിരുന്ന വനിതാ പൊലീസുകാരടക്കം അകത്തുകയറി ഒളിച്ചു. സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന രണ്ടു ജീപ്പുകളും സമരക്കാർ അടിച്ചുതകർത്തു. ചെടിച്ചട്ടികളെടുത്ത് പൊലീസ് ജീപ്പിന്റെ ഗ്ലാസിലേക്ക് എറിഞ്ഞു. സമീപത്തു നിന്നെടുത്ത ഹോളോബ്രിക്‌സുകളും ഇരുമ്പ് കമ്പികളടക്കമുള്ളവ ഉപയോഗിച്ച് വാഹനങ്ങൾ തകർത്തു. സ്റ്റേഷനുള്ളിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ചവരെ തടയാൻ കെട്ടിടത്തിന്റെ ഗ്രിൽ അടച്ച് പൂട്ടി പൊലീസുകാർ ഉള്ളിൽ നിലയുറപ്പിച്ചു. എന്നാൽ സമരാനുകൂലികൾ കല്ലുകളും കട്ടയും വാരി ഗ്രില്ലിലേയ്ക്ക് എറിഞ്ഞതോടെയാണ് പൊലീസുകാർക്ക് പരിക്കേറ്റത്. ഗ്രില്ലിൽ തട്ടി കട്ടകൾ ചിന്നിച്ചിതറി പൊലീസുകാരുടെ മുഖത്തും തലയിലും പരിക്കേറ്റു. തുടർന്ന് പൂട്ട് പൊളിച്ചാണ് അക്രമികൾ ഉള്ളിൽ പ്രവേശിച്ചത്. വയർലെസ് സെറ്റും സി.സി ടിവി കാമറകളും തകർത്തു.
കല്ലേറിലാണ് വിഴിഞ്ഞം എസ്.ഐ ലിജോയുടെ (45) വലതുകാൽ ഒടിഞ്ഞത്. സംഘർഷം കൈവിട്ടുപോയപ്പോൾ സമീപ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസുകാരെ എത്തിച്ചെങ്കിലും നിർദ്ദേശം ലഭിക്കാത്തതിനാൽ അക്രമം കണ്ടുനിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ.
മണിക്കൂറുകൾക്ക് ശേഷമാണ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചശേഷം സമരക്കാർക്ക് നേരെ ലാത്തിച്ചാർജും നടത്തിയത്. ഇതോടെയാണ് സമരക്കാർ പിരിഞ്ഞുപോയത്. എന്നാൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തും ഹാർബറിലും സമരക്കാർ തമ്പടിച്ചു. അക്രമത്തിൽ 20 പൊലീസുകാരും 4 പ്രദേശവാസികളും അടക്കം 24 പേരെയാണ് രാത്രി വൈകിയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ശേഷിച്ചവരെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു.
എസ്.പിമാർക്കും ഡിവൈ.എസ്.പിമാർക്കും അധിക ചുമതല
സംഘർഷം ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലിന്റെ ഭാഗമായി കൂടുതൽ എസ്.പിമാർക്കും ഡിവൈ.എസ്.പിമാർക്കും അധിക ചുമതല പൊലീസ് നൽകി.
പൊലീസ് പരമാവധി സംയമനം
പാലിച്ചു: എ.ഡി.ജി.പി
ആവശ്യത്തിന് പൊലീസുകാരെ വിഴിഞ്ഞം മേഖലയിൽ വിന്യസിച്ചിരുന്നെങ്കിലും പൊലീസ് പരമാവധി സംയമനം പാലിക്കുകയായിരുന്നുവെന്ന് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ പറഞ്ഞു. 500ഓളം പൊലീസുകാർ വിഴിഞ്ഞത്തിന്റെ വിവിധ ഭാഗത്തുണ്ടായിരുന്നു. ഇന്നും കൂടുതൽ പൊലീസുകാരെത്തും. ഇത്തരമൊരു പ്രശ്‌നം ഉണ്ടാകുമെന്ന് കരുതിയില്ല. നിലവിൽ വിഴിഞ്ഞത്തെ സംഘർഷം ഏറെക്കുറെ നിയന്ത്രണ വിധേയമാണ്. എന്നാൽ പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെ രാത്രി വൈകിയും നിലയുറപ്പിച്ചിട്ടുണെന്ന് അദ്ദേഹം പറഞ്ഞു.
പരിക്കേറ്റ് മെഡിക്കൽ കോളേജ് അത്യാഹിത
വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നവർ
പരിക്കേറ്റ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന പൊലീസുകാർ: ലിജോ(45), ജിന്റോ(31), ആകാശ്(28) അനു.പി.എസ്(28), ബിനീഷ്.ബി(37), രാഹുൽ (26), അജ്മൽ(31), സാനു(29), കൃഷ്ണകുമാർ(30), ശ്യാം(35), ഷിയാഷ്(34), ദയാസ്(29), ശ്യാം(26) പ്രജിൺ(25),ഷമീർ(34), അനന്തു കൃഷ്ണൻ. ആർ (25)കിരൺ കുമാർ (29) അഖിൽ ആർ ചന്ദ്രൻ(28) ദിനേശ്(26) വിപിൻ (38) പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സമരാനുകൂലികൾ: ബെഞ്ചമിൻ (46), അനിൽകുമാർ (42), സജീഷ്(42), ലിറ്റി(42).