degree

■മൂന്നു വർഷം പൂർത്തിയാക്കി പുറത്തുപോകാനും അവസരം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അദ്ധ്യയന വർഷം മുതൽ ബിരുദ കോഴ്സുകൾ മൂന്നിൽ നിന്ന് നാലു വർഷമാക്കും. നാല് വർഷ കോഴ്സിൽ വിദ്യാർത്ഥിക്ക് മൂന്നു വർഷം പൂർത്തിയാക്കി പുറത്തു പോകാനുള്ള (എക്സിറ്റ്) അവസരമുണ്ട്. നാലാം വർഷത്തിൽ ഗവേഷണ സ്വഭാവത്തിലുള്ള പഠനത്തിനും പ്രോജക്ട് വർക്കിനുമായിരിക്കും പ്രാധാന്യമെന്ന്

മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് ഇത് ബാധകമല്ല.

രാജ്യത്ത് നിലവിലുള്ള ത്രിവത്സര ബിരുദ കോഴ്സുകൾ അടുത്ത അഞ്ച്

വർഷത്തിനകം നിറുത്തലാക്കാനും ഗവേഷണംകൂടി ഉൾപ്പെട്ട നാലു വർഷ കോഴ്സ്

വ്യാപകമാക്കാനുമാണ് യു.ജി.സി തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെയും പരിഷ്കാരം.

മൂന്ന് വർഷത്തിൽ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് നിലവിലെ രീതിയനുസരിച്ചുള്ള ബിരുദം നൽകും. നാലു വർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ഡിഗ്രി. അവർക്ക് പി.ജി പഠനത്തിന് രണ്ടാം വർഷം നേരിട്ട് പ്രവേശനം നൽകുന്ന രീതിയിൽ ലാറ്ററൽ എൻട്രി സംവിധാനം പരിഗണിക്കും.

പാഠ്യ പദ്ധതി

പരിഷ്കരിക്കും

നവീകരണത്തിന്റെ ഭാഗമായി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കും. പുതിയ കരിക്കുലം ഫ്രെയിം വർക്ക് തയ്യാറാക്കാനുള്ള ദ്വിദിന ശില്പശാല ഇന്നു രാവിലെ 10.30ന് ശ്രീകാര്യം ലൊയോള എക്സ്റ്റൻഷൻ സെന്ററിൽ നടക്കും. മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന മാതൃകാ കരിക്കുലം കോളജ് തലംവരെ ചർച്ച ചെയ്ത് ആവശ്യമായ ഭേദഗതികളോടെ, സർവകലാശാലകൾക്ക് ബിരുദ കോഴ്സുകൾക്കുള്ള കരിക്കുലവും സിലബസും തയ്യാറാക്കാം. സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ കൗൺസിലിനും പുറമെ, അസാപ്, കെ-ഡിസ്‌ക് പോലുള്ളവയേയും പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമാക്കും.

കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ മുൻ വൈസ് പ്രസിഡന്റും ശാസ്ത്രജ്ഞനുമായ പ്രൊഫ. സുരേഷ് ദാസ് ചെയർമാനായ കരിക്കുലം മോണിറ്ററിംഗ് കമ്മിറ്റിയിൽ അതാത് മേഖലകളിലെ അക്കാഡമിഷ്യന്മാരും വിദ്യാഭ്യാസ പ്രവർത്തകരും അന്താരാഷ്ട്ര പരിചയമുള്ള യുവ അദ്ധ്യാപകരും ഗവേഷകരും വ്യവസായികളും ഉൾപ്പെടും.