തിരുവനന്തപുരം: റിസോർട്ടുകാരുമായി വഴിവിട്ട ബന്ധം പുലർത്തിയ വർക്കല അയിരൂർ സി.ഐ ജയസനലിനെ സസ്‌പെൻഡ് ചെയ്തു. വർക്കല ഓടയത്ത് കഞ്ചാവും ലഹരിവസ്തുക്കളും പിടികൂടിയ വിവാദ റിസോർട്ടിലെ ഉടമയോട് കേസിൽ പ്രതിയാക്കാതിരിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.സി.ഐയെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ സംഭവത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവിയും സംസ്ഥാന ഇന്റലിജൻസ് വിഭാഗവും വിശദമായ അന്വേഷണം ആരംഭിച്ചു.ഓടയത്തെ പാം ട്രീ റിസോർട്ടിൽ നിന്ന് ഇക്കഴിഞ്ഞ ഒക്ടോബർ 24നാണ് കഞ്ചാവും വിദേശമദ്യവും പിടികൂടിയത്. ഇതിൽ പ്രതിസ്ഥാനത്ത് നിന്ന് റിസോർട്ട് ഉടമയെ ഒഴിവാക്കുന്നതിന് ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് സി.ഐക്കെതിരായ ആരോപണം.
ആറ്റിങ്ങൽ, വർക്കല കോടതികളിലെ ഒരു ഡസനിലധികം ഭൂമി തട്ടിപ്പുകേസുകളിലും എക്സൈസും പൊലീസും രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകളിലും പ്രതിയായ റിസോർട്ട് ഉടമയ്ക്കെതിരെ വർക്കല മുണ്ടയിൽ ലാവണ്യയിൽ ബോബി സുഗുണൻ സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച പരാതിയിൽ നടന്നുവരുന്ന അന്വേഷണമാണ് സി.ഐയുടെ തൊപ്പി തെറിപ്പിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖകൾ ചമച്ച് അയിരൂരിൽ നിരവധിപേരുടെ വസ്തുവകകൾ പാംട്രീ റിസോർട്ട് ഉടമ കൈവശപ്പെടുത്തിയെന്നായിരുന്നു ബേബി സുഗുണൺ പരാതിയിൽ ആരോപിച്ചിരുന്നത്.
റിസോർട്ട് ഉടമയും സി.ഐയും തമ്മിലുള്ള ഫോൺ ബന്ധവും മറ്റ് തെളിവുകളും പരിശോധിച്ച സംസ്ഥാന ഇന്റലിജൻസ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക നടപടിയെന്ന നിലയിൽ സി.ഐയെ സസ്‌പെൻഡ് ചെയ്തത്. പാംട്രീ റിസോർട്ടിന്റെ ലഹരി മാഫിയ, ഉന്നത പൊലീസ് ബന്ധവും അന്വേഷണവും സംബന്ധിച്ച് നവംബർ 13ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.