nov28a

ആറ്റിങ്ങൽ: ഒരുകാലത്ത് ചിറയിൻകീഴ് താലൂക്കിൽ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന കൈത്തറി സഹകരണ സംഘങ്ങൾക്ക് ഇന്ന് പറയാനുള്ളത് കടത്തിന്റെയും നഷ്ടങ്ങളുടെയും കണക്കുകൾ മാത്രം. പ്രവർത്തന മൂലധനത്തിന്റെ അഭാവവും കടക്കെണിയുമാണ് സംഘങ്ങൾ പൂട്ടാൻ പ്രധാന കാരണം. പൂട്ടിക്കിടക്കുന്ന കൈത്തറി സംഘങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികളാണ് ചിതലരിച്ച് നശിക്കുന്നത്. സംഘങ്ങലുടെ കടബാദ്ധ്യത എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ ചില പാക്കേജുകൾ കൊണ്ടുവന്നെങ്കിലും അവ നടപ്പായില്ല. കുറഞ്ഞ കൂലിനിരക്ക് കാരണം പുതിയ തലമുറ ഈ മേഖലയിലേക്ക് എത്താതായതാണ് പ്രതിസന്ധിക്ക് മറ്റൊരുകാരണം. പ്രതിദിനം 150 രൂപപോലും ലഭിക്കാത്ത തൊഴിലാളികളായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. നിലവിൽ പ്രവർത്തിക്കുന്ന സംഘങ്ങളിലെ തൊഴിലാളികളെങ്കിലും നിലനിൽക്കണമെങ്കിൽ മിനിമം കൂലിനിരക്ക് പുതുക്കി നിശ്ചയിച്ച് നൽകണം.

കൈത്തറിമേഖലയുടെ സംരക്ഷണത്തിന് എൽ.ഡി.എഫ് സർക്കാർ ഒട്ടേറെ നടപടികൾ കൈക്കൊണ്ടെങ്കിലും അടുത്തു വന്ന യു.ഡി.എഫ് സർക്കാർ അവയൊന്നും പ്രാവർത്തികമാക്കിയില്ല. ഇപ്പോഴത്തെ സർക്കാർ കൈത്തറിവസ്ത്ര പ്രചാരണം, സ്കൂൾ യൂണിഫോം പദ്ധതി എന്നിവ സംഘങ്ങളിലൂടെ നടപ്പാക്കിയതാണ് ആകെയുള്ള ആശ്വാസം.

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് റിബേറ്റ് കുടിശികയില്ലാതെ നൽകിയത് സഹകരണസംഘങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. യു.ഡി.എഫ് സർക്കാർ വന്നശേഷം കൈത്തറി ഉത്പാദനം കുറഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള മിൽത്തുണികൾ കൈത്തറി മുദ്രവച്ച് വില്പന നടത്തുന്നത് വ്യാപിച്ചു. ഇതിന് കൈത്തറി ഉത്പന്നങ്ങളെക്കാൾ വില കുറവായതിനാൽ കൈത്തൊഴിൽ സംരംഭമായിരുന്ന കൈത്തറി തുണിത്തരങ്ങളുടെ വില്പന കുറഞ്ഞു. ഇത് സംഘങ്ങളെ നഷ്ടത്തിലെത്തിച്ചു.

4800 ലധികം തൊഴിലാളികൾ ജോലി ചെയ്തിരുന്ന ചിറയിൻകീഴ് താലൂക്കിൽ ഇന്ന് 150 ൽ താഴെയാണ് തൊഴിലാളികൾ. സ്കൂൾ യൂണിഫോം നിർമ്മാണം കൈത്തറി സംഘങ്ങളെ ഏൽപ്പിച്ചതുകൊണ്ടുമാത്രമാണ് ഈ മൂന്നു സംഘങ്ങളും നിലനിൽക്കുന്നത്. 21 ഇനം ഉത്പന്നങ്ങൾ കൈത്തറി മാത്രമേ നിർമ്മിക്കാവൂ എന്ന റിസർവേഷൻ എടുത്തുകളഞ്ഞത് സംഘങ്ങളെ തളർത്തി. പവർലൂം വഴി കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വന്നതോടെ ഗുണമേന്മ നോക്കാതെ ഉപഭോക്താക്കൾ അവ വാങ്ങാൻ തുടങ്ങി. യൂസ് ആൻഡ് ത്രോ സംസ്കാരവും കൈത്തറിക്ക് വില്ലനായി.