നെടുമങ്ങാട്: ഭൂമി കുന്നിൻ മുകളിലാണെങ്കിലും പുരയിടമെന്ന് എഴുതേണ്ട സ്ഥാനത്ത് വില്ലേജ് രേഖകളിലാകട്ടെ നിലം എന്നാണ് എഴുത്ത്. താലൂക്ക് ഓഫീസിലെ രേഖകളിൽ പുരയിടം എന്നുതന്നെ രേഖപ്പെടുത്തിയിട്ടുള്ളതിനാൽ വില്ലേജ് രേഖകളിൽ കൂടി അത് മാറ്റണമെന്ന വസ്തു ഉടമയുടെ അപേക്ഷ നിരസിക്കുകയാണ് നെടുമങ്ങാട് താലൂക്കിന് കീഴിലെ ഉഴമലയ്‌ക്കൽ വില്ലേജ് ഓഫീസറെന്ന് പരാതി.
ഉഴമലയ്‌ക്കൽ വില്ലേജിൽ എലിയാവൂർ സ്മൃതിയിൽ ജ്യോതിഷ് ജലനാണ് ഇതുസംബന്ധിച്ച് പരാതി നൽകി കാത്തിരിക്കുന്നത്.
75 വർഷത്തിലധികം പഴക്കമുള്ള വീടും വർഷങ്ങൾ പഴക്കമുള്ള ആഞ്ഞിലി, പ്ലാവ്, റബർ തുടങ്ങി വിവിധയിനം മരങ്ങൾ നിറഞ്ഞ 30 സെന്റ് സ്ഥലത്തെക്കുറിച്ചാണ് പരാതി. ഈ ഭൂമിക്ക് ചുറ്റുമുള്ള മറ്റു വസ്‌തുക്കളും പുരയിടം എന്ന ക്ളാസിഫിക്കേഷനിലാണ്. താലൂക്ക് ഓഫീസിലെയും വില്ലേജ് ഓഫീസിലെയും ബി.ടി.ആർ രേഖകളിൽ ഈ മേഖലയിലെ സബ്ഡിവിഷൻ ചെയ്ത എല്ലാ ഭൂമിയും പുരയിടം എന്നുതന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ക്ലറിക്കൽ മിസ്റ്റേക്ക് കാരണം പരാതിക്കാരിയുടെ ഭൂമി മാത്രം നിലം എന്നാണ് വില്ലേജ് രേഖകളിലുള്ളത്. ഇക്കാര്യം പരിഹരിക്കണമെന്ന് കാട്ടി തഹസീൽദാർക്ക് പരാതി നൽകിയപ്പോഴാണ് ഇത് വില്ലേജ് രേഖകളിൽ മാത്രമുള്ള പ്രശ്നമാണെന്ന് മനസിലാക്കിയത്. ഇക്കാര്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളായി വില്ലേജ് ഓഫീസിൽ കയറിയിറങ്ങിയിട്ടും സ്ഥലം സന്ദർശിച്ച് ബോദ്ധ്യപ്പെടാനോ ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാക്കാനോ വില്ലേജ് അധികൃതർ തയ്യാറായിട്ടില്ലെന്നാണ് പരാതി.