33

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ നിന്നു മലക്കം മറിഞ്ഞസ്ഥിതിക്ക് ഭൂമി ഏറ്റെടുക്കലിനായി ഇറക്കിയ വിജ്ഞാപനം സർക്കാർ പിൻവലിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു. വിജ്ഞാപനം നിലനിൽക്കുന്നതിനാൽ ഭൂമി ക്രയവിക്രയം ചെയ്യാനോ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനോ ബാങ്ക് വായ്പ ലഭ്യമാവാനോ സാധിക്കാത്ത സ്ഥിതിയാണ്. പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം.

ജനവിരുദ്ധവും നാടിനും പരിസ്ഥിതിക്കും ആപത്തുമായ കെ-റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ യുടേൺ എടുത്തത് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രതിഷേധത്തിന്റെ ഫലമായാണ്. പാരിസ്ഥിതിക പഠനം,സാമൂഹികാഘാത പഠനം,ഡി.പി.ആർ തുടങ്ങി വ്യക്തമായ യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് പദ്ധതിക്കായി എടുത്ത് ചാടിയത്.കേന്ദ്രാനുമതി കിട്ടിയശേഷം പദ്ധതി തുടങ്ങുമെന്ന് ഇപ്പോൾ വീമ്പ് പറയുന്നത് ജാള്യത മറയ്ക്കാനാണ്.

ഖജനാവിൽ നിന്നു 56.69 കോടിയാണ് ഒട്ടും പ്രായോഗികമല്ലാത്ത പദ്ധതിക്കായി പൊടിച്ചത്.തട്ടിക്കൂട്ട് ഡി.പി.ആർ തയ്യാറാക്കിയ ജനറൽ കൺസൾട്ടൻസിയായ ഫ്രഞ്ച് കമ്പനിക്ക് നൽകിയത് 22.27 കോടിയാണ്. കൈപുസ്തകം, സംവാദം,പ്രചാരണം,ശമ്പളം തുടങ്ങിയവക്കായി കോടികൾ ചെലവാക്കി.ഇതെല്ലാം ഖജനാവിലേക്ക് തിരിച്ചടച്ച് പൊതുസമൂഹത്തോട് മുഖ്യമന്ത്രി മാപ്പ് പറയണം.

കെ-റെയിൽ വേണ്ട,കേരളം മതിയെന്ന മുദ്രാവാക്യവും സർവേക്കല്ലുകൾ പിഴുതെറിയാനുള്ള കോൺഗ്രസ് ആഹ്വാനവും ജനം ഏറ്റെടുത്തതിന്റെ വിജയം കൂടിയാണിത്.കുറ്റിയിടൽ,പോലീസിന്റെ ബൂട്ട് പ്രയോഗം,സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ളകയ്യേറ്റം തുടങ്ങിയതടക്കം കാട്ടിക്കൂട്ടിയതിന് സിപിഎമ്മും എൽഡിഎഫും പരസ്യമായി മാപ്പുപറയണം.പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുന്നതുവരെ കോൺഗ്രസ് സമര രംഗത്തുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.