mungode

മലയിൻകീഴ്: അന്തിയൂർക്കോണം മൂങ്ങോട് തൊളിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മെത്തക്കമ്പനിയിൽ വൻ തീപിടിത്തം. ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം. തീ പടരുന്നത് കണ്ടതോടെ ജീവനക്കാർ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വൻ അപകടം ഒഴിവായി. ആളപായമില്ല.

രണ്ടര വർഷം മുൻപ് ആരംഭിച്ച കമ്പനിയിൽ മെത്ത,തലയണ ഉൾപ്പെടെ നിർമ്മിച്ച് വില്പന നടത്തുകയായിരുന്നു. ശരത് .ജെ.വി.നായരുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 10 ലേറെ പേർ ജോലി ചെയ്യുന്നതിനിടെയാണ് കമ്പനിക്ക് പുറത്ത് സൂക്ഷിച്ചിരുന്ന പഞ്ഞിക്കെട്ടുകളിൽ ആദ്യം തീ പടർന്നത്.

നിമിഷനേരം കൊണ്ട് അകത്തേക്ക് തീ പടർന്ന് പണി പൂർത്തിയായ മെത്തകൾ,​തലയണ ഉൾപ്പെടെയുള്ളവ കത്തി നശിച്ചു.

സംഭവം കണ്ട കമ്പനി ഉടമയുടെ മാതാവ് ജയശ്രീ ബോധംകെട്ട് വീണു. ഇലക്ട്രിക് മോട്ടോറിലുണ്ടായ ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.

വീടിന് മുന്നിൽ കഴിഞ്ഞ ദിവസം ലോഡുകണക്കിന് പഞ്ഞി ഇറക്കിയിരുന്നു. വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങളും ജനൽ വാതിലുകളും തീപിടിച്ച് നശിച്ചിട്ടുണ്ട്. 10 ല​ക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.

കാട്ടാക്കട,നെയ്യാർ ഡാം,ചെങ്കൽച്ചൂള എന്നിവിടങ്ങളിൽ നിന്ന് എത്തിയ 6 യൂണിറ്റ് ഫയർഫോഴ്സ് 4 മണിക്കൂർ ശ്രമിച്ചാണ് തീ കെടുത്തിയത്. ഇപ്പോഴും പുക മാറിയിട്ടില്ല.

സമീപത്തെ വീടുകളിലേക്ക് തീ പടരാതെ തടയാൻ കഴിഞ്ഞതും വൻ അഗ്നിബാധ ഒഴിവാക്കാനായി. കാട്ടാക്കട ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ.സുരേഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മലയിൻകീഴ് പൊലീസും സ്ഥലത്തെത്തിയിരുന്നു.