
കല്ലമ്പലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കല്ലമ്പലത്ത് ഭൂമി ഏറ്റെടുക്കൽ സമയ പരിധി കഴിഞ്ഞിട്ടും പൂർത്തിയാകാത്തത് ചിലർ കെട്ടിടങ്ങൾ പൊളിച്ചു നീക്കാത്തതിലാണെന്ന് എൽ.എ.എൻ.എച്ച് ഡെപ്യൂട്ടി കളക്ടർ ഷീജാ ബീഗം പറഞ്ഞു. ജില്ലാകളക്ടറുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ജെ.സി.ബിയുമായി പൊലീസ് സന്നാഹത്തോടെ ഉദ്യോഗസ്ഥർ പൊളിച്ചു മാറ്റാത്ത കെട്ടിടങ്ങൾ പൊളിക്കാനെത്തിയത് പ്രതിഷേധത്തിനിടയാക്കി. വസ്തുവിന്റെ തുക പൂർണമായും നൽകി രണ്ട് മാസം പിന്നിട്ടിട്ടും നിരവധി തവണ നോട്ടീസ് നൽകിയിട്ടും കെട്ടിടം പൊളിച്ചു മാറ്റാത്തതിൽ ഡെപ്യൂട്ടി കളക്ടർ ക്ഷുഭിതയായി.സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കെട്ടിട ഉടമകൾ കൂടുതൽ സമയം അവശ്യപ്പെട്ടെങ്കിലും ആദ്യം നിരസിച്ച കളക്ടർ നീണ്ട ചർച്ചകൾക്കൊടുവിൽ 5 ദിവസം കൂടി സമയം അനുവദിച്ചു.