തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് കോർപ്പറേഷന് മുന്നിൽ ഇന്നലെയും പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധം. യു.ഡി.എഫിന്റെ നേതൃത്വത്തിൽ മേയർക്ക് സദ്ബുദ്ധി ലഭിക്കാൻ ആറ്റുകാലമ്മയ്‌ക്ക് പ്രതീകാത്മക പൊങ്കാല അർപ്പിച്ചുള്ള പ്രാർത്ഥനയും പുറത്ത് സത്യഗ്രഹ സമരവും യു.ഡി.എഫ് നടത്തി.
കുബുദ്ധി മനസിൽ കുടിയിരിക്കുന്ന മേയർ ആര്യാ രാജേന്ദ്രൻ ആറ്റുകാൽ ദേവിയെ പോലും പറ്റിച്ച് അഴിമതി കാട്ടിയെന്നാണ് യു.ഡി.എഫ് പ്രതീകാത്മക സമരത്തിൽ ചൂണ്ടിക്കാട്ടിയത്. കോർപ്പറേഷൻ സമരകവാടത്തിൽ യു.ഡി.എഫ് വനിതാകൗൺസിലർമാരും മഹിളാ കോൺഗ്രസ് പ്രവർത്തകരും 51 കലത്തിൽ പൊങ്കാലയിട്ടാണ് സമരം നടത്തിയത്. മഹിളാ കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ പൊങ്കാല അടുപ്പുകളിൽ തീ പകർന്നു.

പൊങ്കാല കഴിഞ്ഞ് നിവേദ്യം അർപ്പിക്കുന്നത് തൊഴിൽ കിട്ടാത്ത യുവജനങ്ങളുടെ കണ്ണീർ കൊണ്ടാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് പദ്മകുമാർ പറഞ്ഞു. കൗൺസിലർമാരായ മേരിപുഷ്പം, സെറാഫിൻ ഫ്രെഡി, മിലാനി പെരേര, സതികുമാരി, വനജ രാജേന്ദ്രബാബു എന്നിവർ നേതൃത്വം നൽകി. യു.ഡി.എഫിന്റെ സത്യഗ്രഹ സമരം കോൺഗ്രസ് നേതാവ് ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്‌തു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്. ബാബു, എം.എ. വാഹിദ്, വർക്കല കഹാർ, ബിന്ദുകൃഷ്ണ, ഇറവൂർ പ്രസന്നകുമാർ, എം.ആർ. മനോജ്, പി.പദ്മകുമാർ, ജോൺസൺ ജോസഫ്, പി. ശ്യാംകുമാർ, ആക്കുളം സുരേഷ്, ചെമ്പഴന്തി അനിൽ, കൈമനം പ്രഭാകരൻ, കൃഷ്ണകുമാർ, ആർ. ഹരികുമാർ, ഡി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.

ബി.ജെ.പിയുടെ

സത്യഗ്രഹ സമരം

ബി.ജെ.പി സംഘടിപ്പിച്ച സത്യഗ്രഹ സമരം ഒ.ബി.സി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. കൗൺസിലർമാരായ എം.ആർ. ഗോപൻ, തിരുമല അനിൽ, വി.ജി. ഗിരികുമാർ, മഞ്ചു, സരിത തുടങ്ങിയവർ പങ്കെടുത്തു.