തിരുവനന്തപുരം∙ പി.ഭാസ്കരൻ കഴിഞ്ഞാൽ വളരെ വേഗത്തിൽ പാട്ട് എഴുതുന്ന അപൂർവ സിദ്ധിയുള്ള കവിയും എഴുത്തുകാരനുമായിരുന്നു ബിച്ചു തിരുമലയെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു. ബിച്ചു തിരുമല അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാട്ടിന്റെ പല്ലവിയിലുള്ള ആശയം അനുപല്ലവിയിലും ചരണത്തിലും വരെ വ്യക്തമായി ആശയം അവതരിപ്പിക്കാൻ അസാമാന്യമിടുക്ക് ബിച്ചുവിനുണ്ടായിരുന്നു. പ്രൊഫ. സി.ഐ.ഗോപാലപിള്ളയുടെ കൊച്ചുമകനായ ബിച്ചു തിരുമലയ്ക്ക് സംഗീതം പാരമ്പര്യമായി ലഭിച്ചതാണ്. അതിഗംഭീരമായ സംഗീത ബോധമുള്ള ബിച്ചു തിരുമല നന്നായി പാടുമായിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ എന്നും ജനഹൃദയങ്ങളിൽ തുടരും. മുൻഗാമിയെന്ന രീതിയിൽ ബിച്ചുതിരുമല എല്ലായിപ്പോഴും തന്നെ അംഗീകരിച്ചിരുന്നതായും ശ്രീകുമാരൻ തമ്പി പറഞ്ഞു. ബിച്ചു തിരുമലയെക്കുറിച്ചുള്ള സ്മരണിക മുൻചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാർ പ്രകാശനം ചെയ്തു. കേന്ദ്രസാഹിത്യ അക്കാഡമി അംഗം അജയപുരം ജ്യോതിഷ് കുമാർ അദ്ധ്യക്ഷനായി. മുൻമന്ത്രി സി.ദിവാകരൻ, നടനും സംവിധായകനുമായ മധുപാൽ, മുൻമേയർ സി.ജയൻബാബു, ഗായകൻ കൃഷ്ണചന്ദ്രൻ, ബിച്ചു തിരുമലയുടെ ഭാര്യ പ്രസന്ന, മകൻ സുമൻ ബിച്ചു, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.