പാറശാല: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെടുന്ന അഡ്‌ഹോക്ക് കമ്മിറ്റിയെ സമയ പരിധി കഴിഞ്ഞിട്ടും ദേവസ്വം അധികാരികൾ തുടരാൻ അനുവദിക്കുന്നതായി പരാതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വകയായ കൊറ്റിയാർമംഗലം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലാണ് ദേവസ്വം ബോർഡിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി അഡ്‌ഹോക്ക് കമ്മിറ്റി സമയപരിധി കഴിഞ്ഞിട്ടും തുടരുന്നത്. പരാതിക്കാരനും മുൻ പ്രസിഡന്റുമായ ജി.ശശികുമാറാണ് വിവരാവകാശ നിയമപ്രകാരം തിരുവിതാംകൂർ ദേവസ്വം കമ്മിഷണർക്ക് നൽകിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിൽ കാലാവധി കഴിഞ്ഞും അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം തുടരാൻ അനുവദിച്ചിട്ടുള്ളതായി വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഉപദേശക സമിതിക്ക് പകരമായി പ്രവർത്തിക്കുന്ന അഡ്‌ഹോക്ക് കമ്മിറ്റിയിൽ ക്രിമിനൽ കേസിലെ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പരാതിക്കാരൻ പറയുന്നത്. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരെ മുൻ പ്രസിഡന്റ് ജി.ശശികുമാർ തിരുവിതാംകൂർ ദേവസ്വം വിജിലൻസിന് പരാതി നൽകി. എസ്.എൻ.ഡി.പി.യോഗം കൊറ്റാമം ശാഖയുടെ പ്രസിഡന്റും, കൊറ്റിയാർമംഗലം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മുൻ പ്രസിഡന്റുമാണ് പരാതിക്കാരനായ ശശികുമാർ.