adoor-prakash

തിരുവനന്തപുരം : കോന്നി പ്രമാടത്തെ രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലെ സോളാർ പാനലിംഗുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് വിളിച്ച ശേഷം അന്ന് മന്ത്രിയായിരുന്ന അടൂർ പ്രകാശ് തന്നെ കടന്നു പിടിച്ചെന്ന സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് സി. ബി.ഐ. അടൂർ പ്രകാശിനെതിരായ കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി. ബി. ഐ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ. രേഖയുടെ മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിലാണിത് പറഞ്ഞത്.
സോളാർ പാനൽ സ്ഥാപിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതി കോന്നി ഊട്ടുപുര സ്വദേശിനി മറിയാമ്മ സക്കിറിയയിൽ നിന്ന് 2,30,000 വാങ്ങിയിരുന്നു. സോളാർ പാനൽ സ്ഥാപിക്കാതെ വന്നപ്പോൾ മറിയാമ്മ സ്ഥലം എം. എൽ. എ അടൂർ പ്രകാശിനോട് വിവരം പറഞ്ഞു. അടൂർ പ്രകാശ് ഇടപെട്ട ശേഷം യുവതി മറിയാമ്മയ്ക്ക് 1,75,000 തവണകളായി നൽകിയതായി സി. ബി.ഐ കണ്ടെത്തി. രാജിവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലെ സോളാർ പാനൽ സ്ഥാപിച്ചത് സർക്കാർ ഏജൻസിയായ അനെർട്ട് വഴിയാണ്. അനെർട്ട് എംപാനൽ ചെയ്ത കമ്പനികളുടെ കൂട്ടത്തിലൊന്നും യുവതിയുടെ സോളാർ കമ്പനിയായ ടീം സോളാർ കമ്പനിയില്ലെന്നും കണ്ടെത്തി.
2018 ഒക്ടോബർ 15 ന് പരാതി നൽകുമ്പോൾ അടൂർ പ്രകാശ് തനിക്ക് ബാംഗളുരുവിലെ സ്വകാര്യ ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നതായും, എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേയ്ക്ക് വിമാന ടിക്കറ്റ് എടുത്തിരുന്നതായും ഇവ തന്റെ ഇമെയിലിൽ അയച്ചിരുന്നതായും ആരോപിച്ചിരുന്നു. പരാതിക്കാരിയുടെ മെയിൽ പരിശോധിച്ചതിൽ ഇപ്രകാരം ഒന്നുമില്ലെന്നും, പരാതിക്കാരിയോട് പല തവണ ആവശ്യപ്പെട്ടിട്ടും വിമാന കമ്പനിയുടെ പേര് വിവരം നൽകിയില്ലെന്നും , ഹോട്ടലിൽ പരാതിക്കാരി പറഞ്ഞ ദിവസം മുറി ബുക്ക് ചെയ്തതായി രേഖകളിളില്ലെന്നും സി. ബി. ഐ റിപ്പോർട്ടിൽ പറയുന്നു. പൊതുവിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുളളതെന്നും കേസെടുക്കാൻ പാകത്തിനുളള തെളിവ് ഹാജരാക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.