
തിരുവനന്തപുരം: ഓൺലൈൻ വഴി വാടക്യ‌്ക്ക് കാറുകൾ എടുത്ത ശേഷം തമിഴ്നാട്ടിൽ കൊണ്ടുപോയി പാർട്സുകളാക്കി വിറ്റ സംഭവത്തിൽ കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിലെ പ്രതിയായ അൽഉമ്മ പ്രവർത്തകനെ വഞ്ചിയൂർ പൊലീസ് പിടികൂടി. കോയമ്പത്തൂർ കുനിയമ്മത്തൂർ ഉക്കടം സ്വദേശി ഭായി റഫീഖിനെയാണ് (മുഹമ്മദ് റഫീഖ്) വഞ്ചിയൂർ എസ്.എച്ച്.ഒ വി.വി.ദിപിന്റെ നേതൃത്വത്തിൽ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റു ചെയ്തത്. റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പിടിയിലായ വാടാനപ്പള്ളി ഗണേശമംഗലം പുത്തൻവീട്ടിൽ ഇല്യാസ് (37) നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. 2020ൽ കോട്ടയം വെസ്റ്റ് പൊലീസ് സമാനമായ കേസിൽ റഫീഖിനെ അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്ടിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.