ee

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രിൻസിപ്പലായി എ.ഇ.ഒയ്ക്ക് നിയമനം നൽകാൻ ഹയർ സെക്കൻഡറി അദ്ധ്യാപികയെ തരംതാഴ്‌ത്തുകയും സ്ഥലംമാറ്റുകയും ചെയ്ത സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് പ്രിൻസിപ്പൽ സെക്രട്ടറി റി​പ്പോർട്ട് തേടി​. ഒരാഴ്ചയ്ക്കകം റി​പ്പോർട്ട് നൽകണമെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബുവി​നോട് നി​ർദ്ദേശി​ച്ചി​രി​ക്കുന്നത്. റി​പ്പോർട്ട് ലഭി​ക്കുന്നതി​ന്റെ അടി​സ്ഥാനത്തി​ൽ തുടർനടപടി​ കൈക്കൊള്ളുമെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു. തരംതാഴ്ത്തപ്പെട്ട അദ്ധ്യാപി​ക കഴി​ഞ്ഞ ദി​വസം പ്രി​ൻസി​പ്പൽ സെക്രട്ടറി​യെ കണ്ടി​രുന്നു. ഇക്കഴി​ഞ്ഞ ദി​വസമാണ് എ.ഇ.ഒയായ പി. രവീന്ദ്രന് സ്ഥാനക്കയറ്റം നൽകാനായി​ കണ്ണൂർ മാതമംഗലം ഗവ.എച്ച്.എസ്.എസിലെ സോഷ്യോളജി അദ്ധ്യാപിക നിഷ ലൂക്കോസിനെയാണ് മലപ്പുറം കോക്കൂർ ഗവ. എച്ച്.എസ്.എസിലേക്ക് എച്ച്.എസ്.എസ്.ടി (ജൂനിയർ) ആയി തരം താഴ്ത്തി നിയമിച്ചത്. വാർത്ത പുറത്തുവന്നതോടെ സംഭവം വി​വാദമായി​. കുറ്റക്കാർക്കെതി​രെ കർശന നടപടി​യെടുക്കുമെന്ന് മന്ത്രി​ വി​. ശി​വൻകുട്ടി​ അടുത്ത ദി​വസം തന്നെ വ്യക്തമാക്കി​യി​രുന്നു. പ്രിൻസിപ്പൽ നിയമനം ഹയർ സെക്കൻഡറി അദ്ധ്യാപകർക്കും ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ/ എ.ഇ.ഒ തസ്തികയിലുള്ളവർക്കും 2:1 എന്ന അനുപാതത്തിൽ നൽകാൻ സീനിയർ അദ്ധ്യാപകർ കുറവായിരുന്ന ഘട്ടത്തിൽ വ്യവസ്ഥ ചെയ്തിരുന്നു. ആ നിയമം ഉപയോഗിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. ഉത്തരവ് പി​ൻവലി​ക്കണമെന്നാവശ്യപ്പെട്ട് ഹയർസെക്കൻഡറി​ അദ്ധ്യാപക സംഘടനകളും രംഗത്തെത്തി​യി​രുന്നു.