
പാറശാല: ജലാശയങ്ങളാൽ അനുഗ്രഹിക്കപ്പെട്ടിരുന്നൊരു നാട്, ഇന്ന് കുടിവെള്ളത്തിനായി കേഴുകയാണ്. കനാലോ ജലമൊഴുക്കുള്ള വലിയ തോടുകളോ ഇല്ലാത്ത പാറശാല പഞ്ചായത്തിലെ എല്ലാ കുളങ്ങളും ഉപയോഗ ശൂന്യമായ നിലയിൽ തുടരുന്ന ഒരു വാർഡാണ് കൊടവിളാകം. കാർഷിക ഗ്രാമങ്ങൾ ഉൾപ്പെടുന്ന വാർഡിലെ ഏഴ് കുളങ്ങളും ഉപയോഗ ശൂന്യമായതിനാൽ നാട്ടുകാർക്ക് കുളിക്കുന്നതിനോ കന്നുകാലികളെ കുളിപ്പിക്കുന്നതിനോ കഴിയുന്നില്ലെന്നു മാത്രമല്ല കൃഷിക്ക് പോലും വെള്ളം കിട്ടാത്ത അവസ്ഥയാണ് ഇപ്പോൾ. കുളങ്ങൾ സംരക്ഷിക്കപ്പെടാത്തതിനാൽ വെള്ളം കിട്ടാതായതോടെ നെൽകൃഷിയിൽ നിന്നും കർഷകർ പൂർണമായും പിന്മാറിയിട്ടുണ്ട്. നെൽകൃഷിക്ക് പകരമായി ഏലാകളിൽ ഭരിച്ച തുക ചെലവാക്കി നടത്തിവന്ന വാഴ, മരച്ചീനി തുടങ്ങിയ കൃഷികളും മറ്റും ഇപ്പോൾ നശിച്ച നിലയിലാണ്. കുഴൽക്കിണറുകൾ കുഴിക്കുന്നത് പ്രകൃതി സംരക്ഷണത്തിന് വിരുദ്ധമാണെന്നിരിക്കെ കുടിവെള്ള സംരക്ഷണത്തിനായി വേണ്ടത്ര പ്രാധാന്യം നൽകാത്തത് പ്രകൃതിയുടെയും ജീവജാലങ്ങളുടെയും നാശത്തിന് കാരണമാകുമെന്നതിന് യാതൊരു സംശയവുമില്ല.
ഉപയോഗശൂന്യമായി
ഗോമതിമംഗലം കുളം, വലിയ കുളമായ കലയംകുളം, ആര്യശേരി മഠത്തിന് സമീപത്തെ നടേൽക്കുളം, തെറ്റിക്കുഴിയിലെ പൊട്ടക്കുളം, ചെക്കുംമൂടിലെ രണ്ട് കുളങ്ങൾ എന്നിവയാണ് വാർഡിലെ നീരുറവകളായിരുന്ന കുളങ്ങൾ. ഇവയിൽ നടേൽക്കുളം പാഴ്ച്ചെടികൾ വളർന്ന് കാടുപിടിച്ച നിലയിലാണ്. ഗോമതിമംഗലം കുളം ഏതാനും വർഷങ്ങൾക്ക് മുൻപ് നവീകരിച്ചിരുന്നെങ്കിലും സംരക്ഷിക്കപ്പെടാത്തതിനെ തുടർന്ന് ഇപ്പോൾ പായൽ മൂടിയ നിലയിലാണ്. വലിയ കുളമായ കലയംകുളം കാടുപിടിച്ച നിലയിൽ തുടരുകയാണ്. മറ്റ് കുളങ്ങളും സംരക്ഷിക്കപ്പെടാത്തത് കാരണം ഉപയോഗശൂന്യമായ നിലയിൽ തന്നെയാണിപ്പോൾ. കുളങ്ങളിൽ പലതും നവീകരിച്ചിട്ടുതന്നെ പത്തും ഇരുപതും വർഷങ്ങൾ പിന്നിടുന്നു.
മഴവെള്ളം സംഭരിക്കുന്നു
കനാൽ ജലം ലഭ്യമല്ലാത്തതിനാൽ മഴക്കാലങ്ങളിൽ ഓരോ മേഖലകളിലും എത്തുന്ന മഴവെള്ളത്തെ സംഭരിച്ച് നിറുത്തി കൃഷിക്ക് ഉപയോഗിച്ചുവരുന്ന രീതിയാണ് കർഷകർ തുടർന്നുവന്നിരുന്നത്. നെല്ല്, വാഴ, മരച്ചീനി, പച്ചക്കറികൾ എന്നിവയുടെ കൃഷിക്കും തുടർന്നുള്ള പരിപാലനത്തിനും പുറമെ കന്നുകാലികളെ കുളിപ്പിക്കുന്നതിനും മറ്റും ഈ കുളങ്ങളിൽ സംഭരിക്കുന്ന മഴവെള്ളമാണ് ഉപയോഗിച്ചിരുന്നത്. കുളങ്ങളിൽ സംഭരിക്കുന്ന വെള്ളം കൃഷിക്ക് ഉപയോഗിക്കുന്നത് പ്രദേശത്തെ കുളങ്ങളിലെ ജലനിരപ്പ് ഉയരുന്നതിനും കാരണമായിരുന്നു. അതോടൊപ്പം മഴവെള്ളത്തെ തടഞ്ഞുനിറുത്തി മണ്ണൊലിപ്പ് തടയുന്നതിനും ഇതുമൂലം കഴിഞ്ഞിരുന്നു.