road

വിതുര: ആനപ്പെട്ടി - മേക്കുംകര റോഡിന് ഒടുവിൽ ശാപമോക്ഷം. മേക്കുംകര നിവാസികൾക്കിനി സുഗമമായി വഴി നടക്കാം. തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി വാർഡിന്റെ പരിധിയിൽപ്പെടുന്ന മേക്കുംകര റോഡ് വർഷങ്ങളായി തകർന്ന് കിടക്കുകയായിരുന്നു. റോഡിന്റെ ശോച്യാവസ്ഥ നിമിത്തം അനവധി അപകടങ്ങളാണ് അരങ്ങേറിയിട്ടുള്ളത്. കാൽനടയാത്രപോലും അസാദ്ധ്യമായ റോഡിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. മഴക്കാലമായാൽ റോഡ് ചെളിക്കുളമായി മാറി കൂടുതൽ അപകടാവസ്ഥയിലാകുന്ന നിലയിലായിരുന്നു. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. അനവധിതവണ നിവേദനങ്ങൾ നൽകിയിട്ടും സമരപരമ്പരകൾ അരങ്ങേറിയിട്ടും അധികാരികൾ അനങ്ങിയില്ല. ആനപ്പെട്ടി-മേക്കുംകര റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് വാർഡ് മെമ്പർ എൻ.എസ്.ഹാഷിം പ്രശ്നത്തിൽ ഇടപെടുകയും റോഡിന്റെ തകർച്ചമൂലം നാട്ടുകാർ നേരിടുന്ന ദുരവസ്ഥ പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി അടിയന്തരമായി 5 ലക്ഷം രൂപ അനുവദിച്ചതിനെ തുടർന്നാണ് റോഡ് ഉടൻതന്നെ കോൺക്രീറ്റ് ചെയ്തത്. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടന്ന ആനപ്പെട്ടി-മേക്കുംകര റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തരനടപടികൾ സ്വീകരിച്ച തുരുത്തി വാ‌ർഡ്മെമ്പർ എൻ.എസ്.ഹാഷിമിനും, പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷിനും മേക്കുംകര നിവാസികൾ നന്ദി രേഖപ്പെടുത്തി.

ഉദ്ഘാടനം നടത്തി

ആനപ്പെട്ടി-മേക്കുംകര റോഡിന്റെ ഉദ്ഘാടനം തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ തോട്ടുമുക്ക് അൻസർ, അനുതോമസ്, തുരുത്തി വാർഡ്മെമ്പർ എൻ.എസ്.ഹാഷിം, മലയടി വാർഡ്മെമ്പർ എസ്.എസ്.ബിനിതാമോൾ, ചെട്ടിയാംപാറ വാർഡ്മെമ്പർ പ്രതാപൻ, തച്ചൻകോട് വാർഡ്മെമ്പർ തച്ചൻകോട് വേണുഗോപാൽ, വികസന സതിതി അംഗങ്ങളായ ആനപ്പെട്ടി ഹുസൈൻ,കണ്ണങ്കര ഭുവനചന്ദ്രൻ,പുളിച്ചാമല അശോകൻ,ആനപ്പെട്ടി സന്തോഷ്,സി.ഡി.എസ് മെമ്പർ ബീനവിജയൻ,പ്രീത,സൗമ്യ,ബിജു,ബെനീറ്റ, സുഗതകുമാരി,സിന്ധുകുമാരി,കെ.ആർ.ചിത്ര,താര,അനിൽ,ബിച്ചുമേക്കുംകര തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ. തൊളിക്കോട് പഞ്ചായത്തിലെ ആനപ്പെട്ടി-മേക്കുംകര റോഡിന്റെ ഉദ്ഘാടനം തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ജെ.സുരേഷ് നിർവഹിക്കുന്നു