കിളിമാനൂർ: ഹോട്ടലിലിരുന്ന് മദ്യപിക്കാൻ ശ്രമിച്ചതിനെ തുടർന്നുള്ള തർക്കത്തിൽ ഹോട്ടലുടമയെയും തൊഴിലാളികളെയും ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഹോട്ടൽ അടിച്ച് തകർക്കുകയും ചെയ്ത മദ്യപൻമാർ പിടിയിൽ. വട്ടപ്പാറ ചരുവിള പുത്തൻവീട്ടിൽ അമൽ (20), കിളിമാനൂർ ചൂട്ടയിൽ കാവുങ്കൽവീട്ടിൽ ശ്രീക്കുട്ടൻ (22), കിളിമാനൂർ മലയാമഠം മണ്ഡപക്കുന്ന്, അനിതാഭവനിൽ ഹരിഹരൻ (22) എന്നിവരാണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കിളിമാനൂർ ഇരട്ടച്ചിറയിലെ നമ്മുടെ കട തട്ടുകട എന്ന ഹോട്ടലിൽ പ്രതികൾ എത്തി ആഹാരം ആവശ്യപ്പെട്ടശേഷം അവിടെ ഇരുന്ന് മദ്യപിക്കാൻ തുടങ്ങി. ഇത് ഹോട്ടൽ ഉടമ വിനോദും ജീവനക്കാരും ചോദ്യംചെയ്തു. ഇതിൽ കുപിതരായ പ്രതികൾ വിനോദിനെയും രണ്ട് ജീവനക്കാരെയും ക്രൂരമായി മർദ്ദിക്കുകയും, സാധനസാമ​ഗ്രികൾ അടിച്ചുതകർക്കുകയുമായിരുന്നു. കിളിമാനൂർ ഐ.എസ്.എച്ച്. ഒ എസ്. സനൂജ്,എസ് ഐ വിജിത് കെ, നായർ, സീനിയർ സി.പി.ഒ മാരായ സുനിൽകുമാർ,ബിനു സി.പി.ഒ ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളുടെ അറസ്റ്റ്. പ്രതികളെ കോടതി റിമാൻഡുചെയ്തു.