
സുപ്രീംകോടതികളിലെയും ഹൈക്കോടതികളിലെയും നിയമനം നടത്താനുള്ള അവകാശം കൊളീജിയത്തിനാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസും മുതിർന്ന രണ്ട് സുപ്രീംകോടതി ജഡ്‌ജിമാരും ഉൾപ്പെടുന്നതാണ് കൊളീജിയം. കീഴ്‌ക്കോടതികളിൽ നിന്ന് പ്രൊമോഷൻ ലഭിച്ച് ജില്ലാ ജഡ‌്‌ജിമാരാകുന്നവരെയും ബാറിൽ നിന്ന് നേരിട്ടും നിയമനം നടത്തുകയാണ് കൊളീജിയം ചെയ്യുന്നത്. എന്നാൽ കൊളീജിയത്തിന്റെ ശുപാർശയ്ക്ക് കേന്ദ്രം അംഗീകാരം നൽകേണ്ടതുണ്ട്. ഇതിനായി കൊളീജിയം ജഡ്‌ജിമാരാകാൻ ശുപാർശ ചെയ്യുന്നവരുടെ പേരുകൾ കേന്ദ്രത്തിന് അയയ്ക്കും. ഇത് പുനരാലോചനയ്ക്കായി കേന്ദ്രത്തിന് മടക്കി അയയ്ക്കാം. അല്ലെങ്കിൽ തീരുമാനമെടുക്കാതെ ഫയൽ വച്ചുതാമസിപ്പിക്കാം. അങ്ങനെ വരുമ്പോൾ പല സീനിയർ ജഡ്‌ജിമാരുടെയും സീനിയോറിറ്റി നഷ്ടപ്പെടാം. നിലവിലുള്ള സുപ്രീംകോടതി ജഡ്‌ജി കെ.എം. ജോസഫിന്റെ ഫയൽ താമസിപ്പിച്ചതിനാൽ വളരെ വൈകിയാണ് നിയമനം നടത്താനായത്. സുപ്രീംകോടതിയിൽ യഥാസമയം നിയമനം നടന്നിരുന്നെങ്കിൽ ലഭിക്കുമായിരുന്ന സീനിയോറിറ്റി അദ്ദേഹത്തിന് ലഭിച്ചില്ല. കൊളീജിയം ശുപാർശ ചെയ്യുന്ന പേരുകളിൽ ചിലത് അംഗീകരിക്കുകയും ചിലത് തടഞ്ഞുവയ്ക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്നും ഇത് സീനിയോറിറ്റി തടയുന്നതിന് തുല്യമാണെന്നും സുപ്രീംകോടതി ആരോപിച്ചിരിക്കുന്നു. ഈ തരംതിരിക്കൽ ശരിയല്ലെന്ന് അതൃപ്തി പരസ്യമാക്കിക്കൊണ്ട് സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് സഞ്ജയ് കിഷൻ അറ്റോർണി ജനറലിനെ അറിയിക്കുകയും ചെയ്തു. കൊളീജിയം ശുപാർശകളിൽ സർക്കാർ അംഗീകാരം വൈകുന്നതിനെതിരായ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അഡ്വക്കേറ്റ് സൗരഭ് കിർപാലിന്റെ പേര് കൂടി ഉൾപ്പെടുന്ന ജഡ്‌ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട 20 ഫയലുകളാണ് പുനരാലോചനയ്ക്കായി കേന്ദ്രം തിരിച്ചയച്ചിരിക്കുന്നത്. സ്വവർഗാനുരാഗി ആയതിനാലാണ് തന്നെ പരിഗണിക്കാൻ കേന്ദ്രം വൈമുഖ്യം കാണിക്കുന്നതെന്ന് അടുത്തകാലത്ത് ഒരു ടിവി അഭിമുഖത്തിൽ കിർപാൽ പറഞ്ഞിരുന്നു. ഒരു വ്യക്തിയുടെ ബുദ്ധിശക്തിക്കും അറിവിനും ആൺ പെൺ വ്യത്യാസമില്ല. വനിതകളെ ജഡ്‌ജിമാരാക്കുന്നതിലും ഇതേ വൈമുഖ്യം വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്നു. ഇപ്പോൾ കീഴ്‌ക്കോടതികളിലെ ജഡ്‌ജിമാരായി വരുന്നവരിൽ അറുപത് ശതമാനത്തോളം വനിതകളാണ്. ഇതുകാരണം നമ്മുടെ ജുഡിഷ്യറിയുടെ നിലവാരത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. സ്വവർഗാനുരാഗിയാണെന്ന് തുറന്നു പറഞ്ഞ ഒരു വ്യക്തിയാണ് കിർപാൽ. അതിനാൽ അത്തരം വിഭാഗത്തിൽപ്പെട്ടവരുടെ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും അദ്ദേഹം മാറിനിന്നാൽ മതി. മറ്റ് ഗണങ്ങളിൽപ്പെട്ട കേസുകളിൽ അദ്ദേഹത്തിന് തീർപ്പ് കല്പിക്കാവുന്നതേയുള്ളൂ. ഇപ്പോഴും ജഡ്‌ജിമാരുടെ കുടുംബാംഗങ്ങളുടെ കേസുകളിൽ നിന്ന് അവർ ഒഴിഞ്ഞുനിൽക്കാറുണ്ട്. ഒരു സ്വവർഗാനുരാഗി ഒരിക്കലും ജഡ്‌ജിയാകാൻ പാടില്ലെന്ന കേന്ദ്രത്തിന്റെ ചിന്താഗതി കാലത്തിന് യോജിച്ചതല്ലെന്ന് മാത്രമല്ല പിന്തിരിപ്പനുമാണ്. കൊളീജിയം രീതി മാറുന്നതുവരെ അതിന് ഇടങ്കോലിടാൻ കേന്ദ്രം ശ്രമിക്കുന്നത് ജഡ്‌ജിമാരുടെ നിയമനം വൈകിപ്പിക്കാനും തത്‌ഫലമായി കേസുകളുടെ തീർപ്പ് വർഷങ്ങളോളം നീണ്ടുപോകാനുമേ ഇടയാക്കൂ.