photo

വികസനപാതയിൽ നാഴികക്കല്ലായി തീരേണ്ടിയിരുന്ന അർദ്ധ അതിവേഗ റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ തത്കാലം പിൻവാങ്ങിയിരിക്കുകയാണ്. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയും നടപ്പാക്കാനൊരുങ്ങിയതിന്റെ തിക്തഫലമാണ് മുന്നിൽ തെളിയുന്നത്. ഇതുപോലുള്ള ഏതുപദ്ധതിക്കും ആദ്യം വേണ്ടത് കേന്ദ്ര അംഗീകാരമാണ്. അതു ഔപചാരികമായി ലഭിക്കുന്നതിനു മുമ്പ് പദ്ധതി പ്രാവർത്തികമാക്കാൻ ചാടിപ്പുറപ്പെട്ടതാണ് സാമ്പത്തികനഷ്ടത്തിനും വലിയൊരു വിഭാഗം ജനങ്ങളുടെ ശത്രുതയ്ക്കും കാരണമായത്. സിൽവർലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറിയിട്ടൊന്നുമില്ലെന്ന് മന്ത്രിമാർ ഉൾപ്പെടെ ഭരണകക്ഷി നേതാക്കൾ പറയുന്നുണ്ടെങ്കിലും വിഷയത്തിൽ ഇതുവരെയുള്ള കേന്ദ്ര നിലപാട് പരിശോധിച്ചാൽ പ്രതീക്ഷയ്ക്ക് വക കുറവാണ്.

ഏതായാലും ജനകീയപ്രക്ഷോഭം രൂക്ഷമായ പശ്ചാത്തലത്തിൽ നിറുത്തിവച്ച സർവേയും സാമൂഹികാഘാത പഠനവുമെല്ലാം അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുത്തു കഴിഞ്ഞു. റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചശേഷമേ ഇനി ഇത്തരം ജോലികൾ ഏറ്റെടുക്കുകയുള്ളൂ. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥരെ പിൻവലിച്ച് റോഡ് വികസന പദ്ധതികളുടെ ജോലികൾക്കായി നിയോഗിക്കും. കെ - റെയിൽ വന്നില്ലെങ്കിലും വിവിധ ജില്ലകളിലായി നടക്കേണ്ട റോഡ് വികസന പദ്ധതികളുടെ വേഗം കൂട്ടാൻ ഈ നടപടി ഉപകരിക്കുമെന്ന് ആശ്വസിക്കാം. അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനകം ഖജനാവിൽ നിന്ന് ചെലവിട്ട അൻപതുകോടിയിൽപ്പരം രൂപ വെറുതെയായി. കേന്ദ്രാനുമതി ലഭിക്കുന്നതിനുമുമ്പ് ഭൂമി ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾക്കായി ചാടി പുറപ്പെട്ടതെന്തിനായിരുന്നു എന്ന ചോദ്യം ശേഷിക്കുകയാണ്.

ഏതായാലും സിൽവർലൈൻ പദ്ധതിയിൽ നിന്ന് തത്‌കാലം പിൻവാങ്ങാൻ സർക്കാർ തീരുമാനമെടുത്ത സ്ഥിതിക്ക് ഇതുമായി ബന്ധപ്പെട്ടു നടന്ന സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് എടുത്തിട്ടുള്ള നൂറുകണക്കിനു കേസുകളുടെ ഭാവി എന്തെന്ന ചോദ്യം ഉയരുന്നുണ്ട്. പദ്ധതി അനിശ്ചിതത്വത്തിലായതോടെ ശേഷിക്കുന്നത് ഇത്തരം കേസുകൾ മാത്രമാണ്. ഏതു സമരത്തിന്റെയും പരിസമാപ്തി സമരവുമായി ബന്ധപ്പെട്ടു എടുത്തിട്ടുള്ള കേസുകളിലെ തുടർ നടപടികളെച്ചൊല്ലിയുള്ളതാകും. ജനകീയ സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ എടുക്കുന്ന കേസുകൾ ഗുരുതര സ്വഭാവത്തിലുള്ളവ മാത്രമേ സാധാരണഗതിയിൽ മുന്നോട്ടുകൊണ്ടുപോകാറുള്ളൂ. കാലാന്തരത്തിൽ അത്തരം കേസുകളും പലപ്പോഴും എഴുതിത്തള്ളാറുമുണ്ട്. സിൽവർലൈൻ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആയിരത്തിൽപ്പരം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പദ്ധതി പ്രവർത്തനങ്ങൾ അവസാനിപ്പിച്ച സ്ഥിതിക്ക് ഈ കേസുകളുടെ കാര്യത്തിലും ഒരു പുനരാലോചന അനിവാര്യമായിട്ടുണ്ട്. കേസിൽപ്പെട്ടവർക്കും സർക്കാരിനും ഒരുപോലെ അലോസരമുണ്ടാക്കുന്ന ഇത്തരം കേസുകളുടെ നടത്തിപ്പ് എത്ര വലിയ പൊല്ലാപ്പാണെന്ന കാര്യം ഏവർക്കും അറിയാം. അതിനാൽ വൈരാഗ്യബുദ്ധിയോടെ കാണാതെ പിൻവലിക്കാവുന്ന കേസുകളെല്ലാം പിൻവലിക്കാനുള്ള വിശാല മനസ്ഥിതി സർക്കാർ കാണിക്കണം.

സിൽവർ ലൈനിനായി 955 ഹെക്ടർ ഭൂമി വേണമെന്നായിരുന്നു കണ്ടെത്തൽ. സർവേ വിജ്ഞാപനം സർക്കാർ പിൻവലിച്ചിട്ടില്ലാത്തതിനാൽ ഈ ഭൂമിയുടെ ഉടമകൾ ഇപ്പോഴും ആശങ്കയിലാണ്. ക്രയവിക്രയം സർക്കാർ തടഞ്ഞിട്ടില്ലെന്നു പറയുമ്പോഴും സർവേ വിജ്ഞാപനത്തിലുൾപ്പെട്ടു കിടക്കുന്നിടത്തോളം ഇത്തരം വസ്തുക്കൾ വാങ്ങാൻ ആരും മുന്നോട്ടുവരില്ല. ബാങ്കുകളും ഈ ഭൂമി ഈട് സ്വീകരിച്ച് വായ്പ നൽകാൻ തയ്യാറാകില്ല. ഡെമോക്ളിസിന്റെ വാൾ പോലെ സിൽവർ ലൈൻ ഈ ഭൂവുടമകളുടെ മേൽ തൂങ്ങിനിൽക്കുകയാണ്. കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി വീണ്ടും തുടങ്ങുമെന്ന നിലപാട് തുടരുന്നിടത്തോളം നിർദ്ദിഷ്ട പാതയുടെ ഇരുവശങ്ങളിലും കഴിയുന്ന ആയിരക്കണക്കിനാളുകളുടെ ആശങ്ക ഒഴിയാൻ പോകുന്നില്ല. വിചാരിക്കുന്നതിനേക്കാൾ വളരെ വലിയ മാനുഷിക പ്രശ്നമാണിത്. ഈ വിഷയത്തിലും ഉദാര സമീപനമാണ് ഏവരും പ്രതീക്ഷിക്കുന്നത്.