
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന രണ്ട് ലക്ഷത്തോളം ഫയലുകൾ തീർപ്പാക്കാനുള്ള രണ്ടാം യജ്ഞവും പ്രതീക്ഷിച്ച ഫലം കാണാത്തതിനെ തുടർന്ന് ചീഫ് സെക്രട്ടറി വി.പി. ജോയി വിവിധവകുപ്പുകളോട് വിശദീകരണം തേടി.
തീർപ്പാക്കൽ താരതമ്യേന കുറഞ്ഞ വനം - വന്യജീവി, വിദ്യാഭ്യാസം, റവന്യു, പട്ടികജാതി, പട്ടികവർഗം, തദ്ദേശ വകുപ്പുകളോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. 49 ശതമാനം ഫയലുകൾ മാത്രം തീർപ്പായ തദ്ദേശ വകുപ്പിൽ തീർപ്പാക്കലിനായി പ്രത്യേക കർമ്മ പരിപാടി ആവിഷ്‌കരിക്കാനും നിർദ്ദേശിച്ചു.
പൂർണമായും ഇ - ഓഫീസ് ആകുന്നതു വരെ തീർപ്പാക്കൽ യജ്ഞം തുടരും. ഇനി മുതൽ എല്ലാ ഫയലുകളും ഇ - ഓഫീസ് മുഖേന മാത്രമെ സൃഷ്ടിക്കാവൂ എന്നും, എല്ലാ സർക്കാർ ഓഫീസുകളും ഇ - ഓഫീസിലേക്ക് വേഗത്തിൽ മാറണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. സെക്രട്ടേറിയറ്റിന് പുറത്തെ ഓഫീസുകളിൽ പലയിടത്തും ഇപ്പോഴും ഇ- ഓഫീസ് സംവിധാനമായിട്ടില്ല. ഇതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ജൂൺ 15 മുതൽ സെപ്തംബർ 30 വരെ നടത്തിയ യജ്ഞത്തിൽ 37 ശതമാനം ഫയലുകൾ മാത്രമാണ് തീർപ്പായത്. ഇതോടെ, തീർപ്പാക്കൽ ഒക്ടോബർ വരെ നീട്ടി. അതും വേണ്ടത്ര ഫലം കണ്ടില്ല. വകുപ്പുകളിൽ നിന്ന് കൃത്യമായ കണക്കുകൾ ലഭിക്കാത്തതിനാൽ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന് കെട്ടിക്കിടക്കുന്ന ഫയലുകളുടെ പട്ടികയും തയ്യാറാക്കാനായിട്ടില്ല. നിയമസഭാസമ്മേളനം തുടങ്ങുന്നതോടെ, തീർപ്പാക്കലിന് വീണ്ടും വേഗത കുറയും. സഭയിൽ മന്ത്രിമാർ മറുപടി നൽകേണ്ട ചോദ്യങ്ങൾക്കും സബ്മിഷനുകൾക്കും മറ്റും ഉത്തരങ്ങൾ തയ്യാറാക്കേണ്ടി വരുന്നതിനാലാണിത്.