
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാകണമെന്നത് സംസ്ഥാനത്തിന്റെ മാത്രമല്ല ഇന്ത്യയുടെയാകെ ആവശ്യമാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സംസ്ഥാനചരിത്രത്തിലെ ഏറ്റവും വിപുലമായ പദ്ധതിയാണിതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) സംഘടിപ്പിച്ച വിദഗ്ദ്ധ സംഗമവും സെമിനാറും മാസ്‌ക്കോട്ട് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുറമുഖ നിർമ്മാണം നിറുത്തിവച്ചാൽ സർക്കാർ കോടതിയലക്ഷ്യം നേരിടുന്നതിനൊപ്പം അദാനിക്ക് വലിയ നഷ്‌ടപരിഹാരവും നൽകേണ്ടി വരും. പ്രതിഷേധക്കാർ ലോകം പറയുന്നത് അനുസരിക്കാൻ തയ്യാറാകണം. എല്ലാ പാരിസ്ഥിതിക പഠനവും നടത്തിയാണ് വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാർ കരാറിൽ ഒപ്പിടുന്ന സമയത്ത് എൽ.ഡി.എഫിന് വിമർശനങ്ങളുണ്ടായിരുന്നു. കരാർ നിലവിൽ വന്നുകഴിഞ്ഞാൽ വിമർശിച്ചിട്ട് കാര്യമില്ല. യു.പി.എ സർക്കാർ ഭരിച്ചിരുന്നപ്പോൾ നടപ്പിലാക്കിയ പദ്ധതികൾ എതിർപ്പിന്റെ പേരിൽ എൻ.ഡി.എ സർക്കാർ ഉപേക്ഷിച്ചിട്ടില്ല. ലോകത്തെ ആദ്യത്തെ പി.പി.പി മോഡൽ വിമാനത്താവളം നടപ്പാക്കി വിജയപ്പിച്ച സംസ്ഥാനമാണ് കേരളം. ഏറെ നാളായി നടപ്പാക്കാൻ കഴിയാതെ കിടന്ന പല പദ്ധതികളും നടപ്പാക്കിയ സർക്കാരാണിത്. തുറമുഖം യാഥാർത്ഥ്യമാക്കുകവഴി അടിസ്ഥാനസൗകര്യ വികസനത്തിൽ വമ്പൻ കുതിച്ചുചാട്ടമുണ്ടാകും. പദ്ധതിയെ എതിർക്കുന്നത് സാമ്പത്തികമായി കൊച്ചുകേരളത്തിന് താങ്ങാനാകില്ല. കേരളത്തിന്റെ താത്പര്യത്തിനാണ് മുൻതൂക്കം. തെറ്റിദ്ധരിച്ച് സമരത്തിനിറങ്ങിയവർ മടങ്ങിവരണമെന്നും ബാലഗോപാൽ പറഞ്ഞു. മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി അബ്‌ദുറഹ്മാൻ, വിസിൽ എം.ഡി കെ.ഗോപാലകൃഷ്‌ണൻ, തുറമുഖ വകുപ്പ് സെക്രട്ടറി കെ.ബിജു, ജില്ല കളക്‌ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുത്തു. തുറമുഖ നിർമ്മാണം, സാങ്കേതിക വശങ്ങൾ, പാരിസ്ഥിതിക വിഷയങ്ങൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
മുഖ്യമന്ത്രിക്ക് അനാരോഗ്യം, തരൂരിനെ ക്ഷണിച്ചില്ല
വിഴിഞ്ഞം സംഘർഷത്തിനിടെ നടന്ന സെമിനാറിൽ ഉദ്ഘാടകനായി നിശ്‌ചയിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എത്താത്തത് ചർച്ചയായി. സമരക്കാർക്കെതിരെ മുഖ്യമന്ത്രി എന്തു പറയുമെന്ന് അറിയാൻ രാവിലെ തന്നെ മാസ്‌ക്കോട്ട് ഹോട്ടലിൽ മാദ്ധ്യമപ്പട തമ്പടിച്ചിരുന്നു. ആരോഗ്യകാരണങ്ങളാലാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. തൊണ്ടവേദന ആയതിനാലാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തതെന്ന് കെ.എൻ.ബാലഗോപാലും പറഞ്ഞു. ശശി തരൂർ പങ്കെടുക്കാത്തത് ഔദ്യോഗികമായി ക്ഷണിക്കാത്തതുകൊണ്ടാണെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്. എന്നാൽ, അദ്ദേഹത്തെ ക്ഷണിച്ചിരുന്നുവെന്നാണ് തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.