liquor

തിരുവനന്തപുരം: ടേൺ ഓവർ ടാക്സ് ഒഴിവാക്കുക, മദ്യവില കൂട്ടുക തുടങ്ങിയ ആവശ്യങ്ങളുടെ പേരിൽ സംസ്ഥാനത്തെ മദ്യകമ്പനികൾ നിറുത്തിവച്ച മദ്യ ഉത്പാദനം പുനഃരാരംഭിച്ചെങ്കിലും ജനപ്രിയ ബ്രാന്റുകൾ കിട്ടാനില്ല. ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും ചില്ലറ വില്പനശാലകളിൽ പ്രീമിയം ബ്രാന്റുകൾ മാത്രമാണുള്ളത്. എന്നാൽ ബാറുകളിൽ ജനപ്രിയ ബ്രാന്റുകൾക്ക് വലിയ ക്ഷാമമില്ല. മദ്യകമ്പനികൾ സമരപ്രഖ്യാപനം നടത്തിയപ്പോൾ തന്നെ മദ്യം സ്റ്റോക്ക് ചെയ്തതിനാലാണ് ബാറുകളിൽ ക്ഷാമമില്ലാത്തത്. ടേൺ ഓവർ ടാക്സ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതോടെ കമ്പനികൾ മദ്യ സപ്ളൈ തുടങ്ങി. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലേക്കാണ് ഇപ്പോൾ മദ്യം കൂടുതലായി എത്തിക്കുന്നത്. കേരളത്തിന് പുറത്ത് ഉത്പാദനമുള്ള കമ്പനികൾ നേരത്തെ വെയർഹൗസുകളിലെത്തിച്ച താരതമ്യേന വിലക്കുറവുള്ള അത്ര പ്രിയമല്ലാത്ത ബ്രാന്റുകളാണ് ഇപ്പോൾ ബെവ്കോ ഷോപ്പുകളിൽ കിട്ടാനുള്ളത്. ബെവ്കോയുടെ 26 വെയർഹൗസുകളിൽ നിന്നാണ് സംസ്ഥാനത്തെ ചില്ലറവില്പനശാലകൾക്കും ബാറുകൾക്കും മദ്യം വിതരണം ചെയ്യുന്നത്. അടുത്തയാഴ്ചയോടെ എല്ലാ വെയർഹൗസുകളിലും കൂടുതൽ മദ്യം എത്തുമെന്ന് കമ്പനി പ്രതിനിധികൾ പറയുന്നു.

വിലവർദ്ധന ജനുവരി മുതൽ

മദ്യ കമ്പനികളുടെ ടേൺ ഓവർ ടാക്സിൽ കുറവ് വരുത്തിയതിന്റെ നഷ്ടം പരിഹരിക്കാൻ സർക്കാർ തീരുമാനിച്ച മദ്യവില വർദ്ധന ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും. വില്പന നികുതിയിൽ നാല് ശതമാനവും വെയർഹൗസ് മാർജിനിൽ ഒരു ശതമാനവും വർദ്ധന വരുത്തുന്നതോടെയാണ് വില കൂടുന്നത്.