തിരുവനന്തപുരം:പുതു തലമുറയ്‌ക്ക് അത്ഭുതവും പഴയ തലമുറയ്‌ക്ക് പരിചിതവുമായ രുചിയുടെ വിപണന സാദ്ധ്യതയുടെ പരീക്ഷണമാണ് നഗര വീഥികളിൽ ഇപ്പോൾ ഹിറ്റാകുന്നത്.തേങ്ങയിൽ നിന്ന് മുളച്ചുവരുന്ന കുട്ടിതെങ്ങുകൾ വഴിയോര കച്ചവടക്കാരിൽ നിന്ന് വാങ്ങാൻ കുട്ടികൾ അച്ഛന്മാർക്കൊപ്പം കാത്തുനിൽക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച. മലയാളി ഇടയ്‌ക്ക് മറന്നുപോയൊരു വിഭവത്തെ ഓർമ്മയിലെത്തിക്കുകയാണ് 'ഔഷധ സമൃദ്ധമായ തേങ്ങാപൊങ്ങ് വിൽപനയ്ക്ക് ' എന്ന കച്ചവടക്കാരുടെ ബോർഡ്.

നഗരത്തിലെ പ്രധാന വീഥികളിൽ പലയിടത്തും തേങ്ങാ പൊങ്ങ് വിൽപ്പന സജീവമാണ്. ഒരു പൊങ്ങിന് 80 രൂപയാണ് വില. രണ്ടെണ്ണം വാങ്ങിയാൽ 150 രൂപയ്‌ക്ക് ലഭിക്കും. പൊങ്ങിന് തേങ്ങയെക്കാൽ വില കൂടുതൽ ലഭിക്കുന്നതിനാൽ കർഷകന് വലിയൊരു ആശ്വാസമാണ്.

തെങ്ങിൻ പൊങ്ങിന്റെ രുചി പഴയ തലമുറയ്ക്ക് പരിചിതമാണ്. മുമ്പ് തെങ്ങും തേങ്ങയും സമൃദ്ധമായിരുന്ന കാലത്ത് കറിക്കരയ്ക്കാനായി തേങ്ങാപ്പുരയിൽ മാറ്റിയിടുന്ന തേങ്ങകളിൽ ചിലത് അവിടെക്കിടന്ന് മുളയ്ക്കും. പൊങ്ങിന് മാത്രമായി ആരും തേങ്ങ മുളപ്പിച്ചെടുക്കുന്ന പതിവ് പണ്ടുണ്ടായിരുന്നില്ല എങ്കിലും ഇപ്പോൾ വിപണി സാദ്ധ്യത കാരണം പഴക്കച്ചവടക്കാരിൽ പലരും തേങ്ങ മുളപ്പിച്ച് പൊങ്ങ് വിൽപ്പന തുടങ്ങിയിട്ടുണ്ട്. നഗരത്തിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതെല്ലാം കൊല്ലം വാളകത്തു നിന്നും കൊണ്ടുവന്നതാണെന്ന് കച്ചവടക്കാരൻ നജീബ് പറഞ്ഞു. മുളപ്പിക്കാനായി നൂറു തേങ്ങ പാകിയാൽ പകുതിയോളം മാത്രമേ മുള വരൂ എന്നും ശേഷിക്കുന്നതെല്ലാം അഴുകിപ്പോകുമെന്നുമാണ് കച്ചവടക്കാർ പറയുന്നത്.

കോക്കനട്ട് ആപ്പിൾ

തെങ്ങ് കൃഷിചെയ്യുന്ന പല ഏഷ്യൻ രാജ്യങ്ങളിലും കോക്കനട്ട് ആപ്പിൾ എന്നാണ് പൊങ്ങിനെ വിശേഷിപ്പിക്കപ്പെടുന്നത്. ദിവസേന പൊങ്ങ് കഴിക്കുന്നത് ഹൃദ്രോഗസാദ്ധ്യത തടയുമെന്ന് ഗവേഷണ റിപ്പോർട്ടുകൾ. പ്രമേഹം, കിഡ്നിസംബന്ധമായ അസുഖങ്ങൾ എന്നിവയെ ചെറുക്കാനും പൊങ്ങിനു കഴിയും.പൊങ്ങിലെ പോഷകങ്ങൾ മറ്റു ഭക്ഷ്യവിഭവങ്ങളിലുണ്ടെങ്കിലും അതിലടങ്ങിയിരിക്കുന്ന പോഷകം ഉത്തേജിതാവസ്ഥയിലാണ് എന്നുള്ളതാണ് പൊങ്ങിനെ വ്യത്യസ്തമാക്കുന്നത്. ധാന്യങ്ങൾ മുളപ്പിച്ച് കഴിക്കുമ്പോൾ ലഭിക്കുന്ന വർദ്ധിത പോഷകമൂല്യം പോലെയാണിതും.

പൊങ്ങ് രൂപപ്പെടുന്നത്

വിളഞ്ഞ തേങ്ങ മണ്ണിൽ പാകി രണ്ടു മൂന്നു മാസം പിന്നിടുമ്പോൾ മുളയ്ക്കാനുള്ള ആദ്യഘട്ടമായി ഉള്ളിൽ പൊങ്ങ് രൂപപ്പെടും. 8 – 9 മാസംകൊണ്ട് തേങ്ങാക്കാമ്പ് മുഴുവനായും ഗോളാകൃതിയിൽ പൊങ്ങായി പരിണമിക്കും. ചിരട്ട പൊട്ടിച്ചെടുക്കുന്ന പൊങ്ങ് അതേപടി ഭക്ഷ്യയോഗ്യമാണെങ്കിലും മറ്റു വിഭവങ്ങളായോ വിഭവങ്ങളിലെ ഒരു ഘടകമായോ പാകം ചെയ്തും കഴിക്കാം. പൊങ്ങു മാത്രമല്ല, തേങ്ങ മുളയ്ക്കുമ്പോൾ ഉള്ളിലുള്ള 5–6 ഇഞ്ച് വളർന്ന കുരുന്ന് ഓലകളും ഒന്നാന്തരം ഭക്ഷ്യവസ്തു കൂടിയാണ്.


ആരോഗ്യ ഗുണങ്ങളേറെ

രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു

ആന്റിവൈറൽ,ആന്റിബാക്ടീരിയൽ,ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ അണുബാധകളിൽ നിന്ന് മോചനം

ചർമ്മത്തിലെ ചുളിവുകൾ അകറ്റുന്നു

നാരുകളാൽ സമ്പന്നമായതിനാൽ ദഹനം മെച്ചപ്പെടുത്തുന്നു

ജീവിതശൈലീ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു

പ്രമേഹരോഗികളിൽ ഇൻസുലിന്റെ ഉൽപ്പാദനം മെച്ചപ്പെടുത്തുന്നു

ഹൃദയാരോഗ്യമേകുന്നു

നല്ല കൊളസ്ട്രോൾ കൂട്ടുന്നു

ഹൃദയത്തിൽ പ്ലേക്കിന്റെ രൂപീകരണം തടഞ്ഞ് ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുന്നു

തൈറോയ്ഡിന്റെ പ്രവർത്തനത്തെ സഹായിക്കും