തിരുവനന്തപുരം: വികസന പദ്ധതികൾ തുടരുന്നതിനാൽ എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന ഭയത്തിലാണ് പ്രതിപക്ഷമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.കേരളത്തിലെ വികസന പദ്ധതികൾക്കെതിരെ പ്രതിപക്ഷവും അവരുടെ ഒത്താശക്കാരായ ചില മാദ്ധ്യമങ്ങളും വർഗീയ ശക്തികളും ചേർന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാർ പരമ്പരയിലെ 'ആഗോളവത്‌കരണ കാലത്തെ കേരള ബദലുകൾ" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ ഒരു രൂപ പോലും മുടക്കാതെ സ്വകാര്യ കുത്തകകളുടെ കൈകളിലായി. വരും തിരഞ്ഞെടുപ്പിൽ ബി.ജെ.പി വീണ്ടും ജയിച്ചാൽ ഇന്ത്യ ഹിന്ദുരാഷ്ട്രമാകുമെന്നതിൽ സംശയമില്ലെന്നും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ കേരളം മുന്നോട്ടുവച്ച പദ്ധതികൾ ലോകത്തിനാകെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി.ഹണി അദ്ധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി കെ.എൻ.അശോക്‌കുമാർ, വൈസ് പ്രസിഡന്റ് എസ്.ഷീലാകുമാരി തുടങ്ങിയവർ പങ്കെടുത്തു.