somanath

ശ്രീപരിക്കോട്ടയിൽ ഉൽഘാടനം ചെയ്‌തു

സ്ഥാപിച്ചത് അഗ്നികുൽ സ്റ്റാർട്ടപ്പ്

തിരുവനന്തപുരം:ബഹിരാകാശ ഗവേഷണ, വിക്ഷേപണ രംഗത്ത് സ്വകാര്യമേഖലയ്ക്ക് കൂടുതൽ അവസരം നൽകുന്നതിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള ഐ.എസ്.ആർ.ഒയുടെ സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തറയും സ്ഥാപിച്ചു. ഇതോടെ ഇവിടെ ഐ.എസ്.ആർ.ഒ.യുടെ രണ്ടെണ്ണം ഉൾപ്പെടെ മൂന്ന് ലോഞ്ച് പാഡുകളായി. കൂടാതെ രണ്ട് സൗണ്ടിംഗ് റോക്കറ്റ് പാഡുകളുമുണ്ട്.

ചെന്നൈയിലെ ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പ് അഗ്നികുൽ ആണ് ശ്രീഹരിക്കോട്ടയിൽ ലോഞ്ച് പാഡ് നിർമ്മിച്ചത്. ഐ.എസ്.ആർ.ഒ. ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ.എസ്. സോമനാഥ് ഉൽഘാടനം ചെയ്തു. നാല് കിലോമീറ്റർ അകലെ അഗ്നികുൽ മിഷൻ കൺട്രോൾ സെന്ററും ഉണ്ട്.

വിക്ഷേപണ സമയത്ത് ഇസ്രോയുടെ പിന്തുണ ഉറപ്പാക്കാനും ഇസ്രോയുടെ മിഷൻ കൺട്രോൾ സെന്ററുമായി വിവരങ്ങൾ പങ്കിടാനും ധാരണയായി. ത്രീ ഡി പ്രിന്റിങ്ങിലൂടെ അഗ്നികുൽ നിർമ്മിച്ച റോക്കറ്റ് 'അഗ്നിബാൺ' അടുത്ത വർഷം ഈ ലോഞ്ച്പാഡിൽ നിന്നായിരിക്കും വിക്ഷേപിക്കുക. 100 കിലോ ഭാരം വഹിക്കാൻ ശേഷിയുള്ള അഗ്നിബാൺ 700 കിലോമീറ്റർ വരെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങൾ എത്തിക്കുമെന്ന് അഗ്നികുൽ സഹസ്ഥാപകനും സി.ഇ.ഒ.യുമായ ശ്രീനാഥ് രവിചന്ദ്രൻ പറഞ്ഞു.
ഇന്ത്യയിൽ സ്വകാര്യമേഖലയിൽ ആദ്യമായി ഹൈദരാബാദിലെ സ്‌കൈറൂട്ട് എയ്‌റോ സ്‌പെയ്സ് നിർമ്മിച്ച വിക്രം. എസ് റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം നവംബർ 18നാണ് നടന്നത്.

ക്യാപ്ഷൻ: ശ്രീഹരിക്കോട്ടയിലെ സ്വകാര്യറോക്കറ്റ് വിക്ഷേപണത്തറയുടെ ഉദ്ഘാടനം ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.എസ്.സോമനാഥ് നിർവ്വഹിക്കുന്നു