ee

തിരുവനന്തപുരം: പൊലീസ് സ്റ്റേഷൻ ആക്രമണത്തോടെ കുരുക്കിലായ സമരസമിതി വിഴിഞ്ഞം വിഷയത്തിനൊപ്പം ഓഖി പുനരധിവാസംകൂടി ഉയർത്തിക്കാട്ടി സമരത്തിന്റെ മുഖം മിനുക്കാൻ ശ്രമം തുടങ്ങി. ഓഖി ദുരന്തത്തിന്റെ അഞ്ചാം വാർഷികദിനമായ ഇന്നലെ സർക്കാരിനെതിരെ വഞ്ചനാദിനം ആചരിച്ചാണ് ലത്തീൻ അതിരൂപത സമരത്തിന് ചൂടു പകർന്നത്. ഓഖി ദുരിതബാധിതർക്ക് നൽകേണ്ട യാതൊരു സഹായവും സംസ്ഥാന സർക്കാർ അനുവദിച്ചിട്ടില്ലെന്നാണ് ആരോപണം. ഓഖിയിൽ വീട് നഷ്‌ടപ്പെട്ടവർക്ക് വീട്, കുട്ടികളുടെ വിദ്യാഭ്യാസത്തിനുളള ഫീസ്, ലൈഫ് ജാക്കറ്റ് എന്നിവ നൽകുമെന്നുള്ള സർക്കാർ തീരുമാനം വാഗ്ദാനത്തിൽ ഒതുങ്ങിയെന്നും സമരസമിതി ആരോപിച്ചു.

അതേസമയം,ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് സമരക്കാരെ മന്ത്രിമാർ കൂട്ടത്തോടെ നേരിടുന്നത്. രാജ്യത്തിന്റെ വികസന പദ്ധതിയെ ഇല്ലാത്ത കാര്യങ്ങളുടെ പേരിൽ തടസപ്പെടുത്തുന്നതിനു പിന്നിൽ അജണ്ടയുണ്ടെന്നും തുറമുഖ നിർമ്മാണത്തിൽനിന്നു പിന്നോട്ടില്ലെന്നും മന്ത്രിമാർ ഇന്നലെ ആവ‌ർത്തിച്ച് വ്യക്തമാക്കി. സമരക്കാരെ നേരിടാൻ കടുത്ത നിലപാടുകളിലേക്ക് നീങ്ങേണ്ടതുണ്ടെന്ന ധാരണയിലാണ് മുഖ്യമന്ത്രിയുടെയും നീക്കമെന്നാണ് അറിയുന്നത്. പദ്ധതി നിറുത്തിവച്ച് പാരിസ്ഥിതിക പഠനം നടത്തണമെന്ന സമരസമിതിയുടെ ആവശ്യത്തിൽ ഇനിയൊരു ചർച്ച വേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി. എന്നാൽ, പ്രതിഷേധക്കാരെ ഉടൻ ബലം പ്രയോഗിച്ച് മാറ്റി നിർമ്മാണ സാമഗ്രികൾ സ്ഥലത്തെത്തിക്കാൻ സർക്കാരിന് നീക്കമില്ല. സംഘർഷമടക്കം കണക്കിലെടുത്ത് ഹൈക്കോടതിയിൽ നിന്നു സമരക്കാർക്കെതിര കർശന നടപടിവരുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. സംഭവ വികാസങ്ങൾ ഓരോന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സൂക്ഷ്‌മമായി നിരീക്ഷിക്കുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്യുന്നുണ്ട്. പൊലീസ്സ്റ്റേഷൻ ആക്രമണം മൂലം സമരത്തെ അനുകൂലിക്കുന്ന വിഭാഗങ്ങൾ പോലും എതിരായി എന്ന സംശയം ലത്തീൻ സഭയ്‌ക്കുമുണ്ട്.

വിമർശനം ചെറുക്കാൻ സി.പി.എം

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സി.പി.എം സ്വീകരിച്ച തുറമുഖ വിരുദ്ധ നിലപാട് ഉയർത്തിക്കാട്ടി ലത്തീൻ അതിരൂപതയും പ്രതിപക്ഷ രാഷ്‌ട്രീയ സംഘടനകളും നടത്തുന്ന ആക്രമണങ്ങളെ ചെറുക്കാൻ സി.പി.എം തയ്യാറെടുക്കുന്നു. കരാറിലെ പാകപ്പിഴകൾക്ക്‌ യു.ഡി.എഫും ഇന്ന്‌ സമരം ചെയ്യുന്നവരിൽ ചിലരും ഉത്തരവാദികളാണെന്നാണ് പാർട്ടി നിലപാട്. സമരസമിതിക്ക് അനുകൂലമായി ജോസ് കെ.മാണി നടത്തിയ പ്രസ്‌താവന തത്കാലം ഗൗനിക്കേണ്ടെന്നും സി.പി.എം കരുതുന്നു. സി.പി.എം മുഖപത്രത്തിലെ പഴയ വാർത്തകളടക്കം ഉയർത്തിക്കാട്ടി സാമൂഹികമാദ്ധ്യമങ്ങൾ വഴിയുള്ള ആക്ഷേപങ്ങളെ ശക്തമായി പ്രതിരോധിക്കും. വി.എസ്‌. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് തുറമുഖ നിർമ്മാണത്തിന്‌ ടെൻഡർ ലഭിച്ചത് ചൈനീസ്‌ കമ്പനിക്കായിരുന്നുവെന്നും അവർക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും സി.പി.എം നേതാക്കൾ പറയുന്നു. അദാനിക്ക്‌ കരാർ കൊടുത്തത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്‌. അന്ന്‌ ആ കരാറിനെ സി.പി.എം രൂക്ഷമായി വിമർശിച്ചിട്ടുണ്ട്‌. സർക്കാരുകൾ തുടർച്ചയായതിനാൽ പദ്ധതി നടപ്പാക്കിയെ പറ്റുകയുള്ളൂവെന്നും സി.പി.എം വ്യക്തമാക്കുന്നു.