2211

ഉദിയൻകുളങ്ങര: മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 42.75 ലക്ഷം രൂപയുമായി തമിഴ്നാട് സ്വദേശി പിടിയിൽ. മധുര കാമരാജ്ശാല മുനിച്ചാൽ റോഡിൽ വാടകയ്‌ക്ക് താമസിക്കുന്ന പനീർ സെൽവത്തിനെയാണ് (32) എക്‌സൈസ് പിടികൂടിയത്.

ഇന്നലെ വൈകിട്ട് കൊറ്റാമം ജംഗ്ഷനിൽ അമരവിള എക്‌സൈസ് റേഞ്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെ തമിഴ്നാടിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എസ്.ഇ.ടി.സി ബസിലെ യാത്രക്കാരനായിരുന്ന പനീർ സെൽവം ബാഗിന്റെ രഹസ്യഅറയിൽ പ്രത്യേകമായി ഒളിപ്പിച്ചിരുന്ന പണമാണ് കണ്ടെത്തിയത്.

ഇൻസ്‌പെക്ടർ വി.എ. വിനോജിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ബിനോയ് ആർ, പ്രിവന്റീവ് ഓഫീസർ ബി. വിജയകുമാർ, ഗോപകുമാർ, രമേശ്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിഷാന്ത്, ശ്രീകുമാർ, ഡബ്ലിയു.സി.ഇ.ഒമാരായ ലിജിത, ശ്രീജ എന്നിവരടങ്ങിയ സംഘമാണ് വാഹന പരിശോധന നടത്തിയത്. തുടർ നടപടികൾക്കായി പ്രതിയെയും പിടികൂടിയ പണവും പാറശാല പൊലീസിന് കൈമാറി.