p

തിരുവനന്തപുരം: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബർ 7 ന് നടക്കും. പൊങ്കാല സമർപ്പണ ചടങ്ങുകളുടെ തുടക്കം കുറിക്കുന്ന കാർത്തിക സ്‌തംഭം ഉയർന്നു. 7ന് പുലർച്ചെ 4ന് നിർമ്മാല്യദർശനവും അഷ്ടദ്രവ്യ ഹോമവും വിളിച്ചു ചൊല്ലി പ്രാർഥനയ്ക്കും ശേഷം ശ്രീകോവിലിലെ കെടാവിളക്കിൽ നിന്നും മുഖ്യ കാര്യദർശി രാധാകൃഷ്‌ണൻ നമ്പൂതിരിയിൽ നിന്ന് പണ്ടാര അടുപ്പിലേക്ക് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അഗ്നി തെളിയിച്ച് പൊങ്കാലയ്‌ക്ക് തുടക്കമിടും.

സജി ചെറിയാൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ സിനിമാ താരം സുരേഷ് ഗോപി പൊങ്കാല ഉദ്ഘാടനം ചെയ്യും. ക്ഷേത്ര മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മിക ത്വത്തിൽ ട്രസ്റ്റിമാരും മേൽശാന്തിമാരുമായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി, രമേശ് ഇളമൺ നമ്പൂതിരി, ക്ഷേത്ര മേൽ ശാന്തിമാരായ ഹരിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി എന്നവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും. പൊങ്കാല നിവേദ്യത്തിനുശേഷം ദിവ്യാഭിഷേകവും ഉപദീപാരാധനയും നടക്കും.

വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദബോസ്, തോമസ് കെ. തോമസ് എം.എൽ.എ, രാധാകൃഷണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ പങ്കെടുക്കും.