award

തിരുവനന്തപുരം: പ്രായത്തെയും ശാശീരിക ബുദ്ധിമുട്ടുകളെയും അതിജീവിച്ച് കേരളത്തിലാദ്യമായി കേന്ദ്രത്തിന്റെ ശില്പഗുരു അവാർഡ് നേടി പ്രശംസ പിടിച്ചുപറ്റുകയാണ് പേട്ട സ്വദേശിയായ കെ.ആർ.മോഹനൻ(70). കരകൗശല രംഗത്ത് 59 വർഷത്തെ അനുഭവസമ്പത്ത് കൈമുതലാക്കിയ മോഹനൻ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിൽ നിന്ന് പുരസ്കാരം നേടി മലയാളികൾക്കാകെ അഭിമാനമാവുകയാണ്.

പ്രതിസന്ധികളെ തരണം ചെയ്ത ജീവിതം

കരകൗശല കലാകാരന്മാർക്ക് ലഭിക്കുന്ന പരമോന്നത പുരസ്കാരമാണ് ശില്പഗുരു അവാർഡ്. ദേശീയ അവാർഡ് ലഭിച്ചവർക്ക് മാത്രമേ ഈ പുരസ്കാരത്തിന് അപേക്ഷിക്കാനാവൂ. 2013ൽ ദേശീയ അവാർഡ് നേടിയതിലൂടെ 2017-ലെ ശില്പഗുരു അവാർഡിന് കെ.ആർ.മോഹനൻ അർഹനായി. കൊവിഡ് പ്രതിസന്ധികൾ കാരണം പുരസ്കാരം വിതരണം ചെയ്യുന്നത് 2022 വരെ നീണ്ടു. കോവളം വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജിൽ കട നടത്തുന്ന കെ.ആർ.മോഹനന് തടിയിലും ആനക്കൊമ്പിലും വിസ്മയം തീർക്കാൻ നിമിഷങ്ങൾ മതി. നിർമ്മിക്കുന്ന സാധനങ്ങൾ ക്രാഫ്റ്റ് വില്ലേജിൽ തന്നെ വിൽക്കാറുണ്ട്. 40 വർഷം മുമ്പ് സംഭവിച്ച അപകടത്തിൽ ഒരു കാലിന് നീളം കുറഞ്ഞെങ്കിലും മോഹനന്റെ കഠിനാദ്ധ്വാനം സമാനതകളില്ലാത്തതായിരുന്നു. പിതാവ് കെ.ആർ.ഗോപാലന്റെ പണിപ്പുരയാണ് മോഹനന് പ്രചോദനമായത്. ആദ്യകാലത്ത് ആനക്കൊമ്പിലായിരുന്നു പണി ചെയ്തിരുന്നത്. ഭാര്യ ഷീല, മക്കൾ ഷൈനി, ദീപൻ, ദിൽമോഹൻ. മകൾ ഷൈനി വരയ്ക്കുന്ന ചിത്രങ്ങൾ 50000 രൂപയ്ക്ക് മുകളിലാണ് വിറ്റുപോകുന്നത്. മക്കളെ പഠിപ്പിച്ചതും ജോലി നേടിക്കൊടുത്തതും കരകൗശലപ്പണി വഴി നേടിയ സമ്പാദ്യം കൊണ്ട് മാത്രമാണ്. മുമ്പ് കേരള സർക്കാരും പുരസ്കാരം നൽകി മോഹനനെ ആദരിച്ചിരുന്നു.