 അറസ്റ്റ് പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞ ശേഷം

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം പ്രദേശത്തെ സി.സി ടിവി കാമറകളും മൊബൈൽ ഫോണിലെടുത്ത ദൃശ്യങ്ങളും കേന്ദ്രീകരിച്ചാവും. അക്രമത്തിന് തൊട്ടുമുൻപ് സ്റ്റേഷനു മുന്നിലെ രണ്ട് മെഡിക്കൽ സ്റ്റോറുകളിലെയും സ്റ്റേഷനിലെയും സി.സി ടിവി കാമറകൾ നശിപ്പിച്ചിരുന്നു. തൊട്ടടുത്തെ ചില കടകളിലെ ദൃശ്യങ്ങൾക്ക് വ്യക്തതയുമില്ല. സ്വകാര്യ വ്യക്തികളും പൊലീസിന്റെ ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറും പകർത്തിയ ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും. ഇതിൽ നിന്ന് പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് മതിയെന്നാണ് നിർദ്ദേശം. സ്ത്രീകളും കുട്ടികളുമടക്കം 3000 പേർക്കെതിരെയാണ് കേസ്. പൊതുമുതൽ നശിപ്പിച്ചതിനടക്കം ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സ്റ്റേഷൻ ആക്രമണക്കേസിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും പ്രതികളെയെല്ലാം അറസ്റ്റ് ചെയ്യാനുമാണ് നിർദ്ദേശം. അതേസമയം, വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കടന്നുകയറിയതിന് ആർച്ച് ബിഷപ്പ് ഡോ.​തോ​മ​സ് ​ജെ.​നെ​റ്റോ​യെ​ ​ഒ​ന്നാം​ ​പ്ര​തി​യാക്കിയെടുത്ത കേസിൽ ഉടനടി നടപടിയുണ്ടാവില്ല. ഈ കേസിൽ ഇരുപത് വൈദികരടക്കം 50പേർ പ്രതികളാണ്. ശനിയാഴ്ച പദ്ധതിപ്രദേശത്തേക്ക് പാറയുമായെത്തിയ ലോറികൾ ആക്രമിക്കുകയും സമരത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തതിന് 9 കേസുകളെടുത്തിട്ടുണ്ട്. ഇതിലൊരു കേസിൽ ഫാ.നിക്കോളാസാണ് ഒന്നാം പ്രതി. ഈ കേസിൽ ആറ് വൈദികർ പ്രതികളാണ്. ഇവയിൽ തിടുക്കത്തിൽ തുടർനടപടികൾ വേണ്ടെന്നാണ് നിർദ്ദേശം.