adhar

തിരുവനന്തപുരം: ആൾമാറാട്ടത്തിലൂടെ വ്യാജ പ്രമാണം ചമച്ച് വസ്തു തട്ടിയെടുക്കാനുള്ള സാധ്യത പൂർണമായും തടയാൻ ആധാറിലെ ബയോമെട്രിക് വിവരങ്ങൾ അടിസ്ഥാനമാക്കി പ്രമാണം രജിസ്റ്റർ ചെയ്യുന്ന സംവിധാനം നടപ്പാക്കുന്നു. ഇതിനായി രജിസ്‌ട്രേഷൻ (കേരള) ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു.ആധാറിൽ പതിച്ചിരിക്കുന്ന വിരലടയാളങ്ങളും പ്രമാണം രജിസ്റ്റർ ചെയ്യാൻ എത്തിയ വ്യക്തിയുടെ വിരലടയാളങ്ങളും സാമ്യമില്ലാതായാൽ രജിസ്ട്രേഷൻ നടത്തില്ല.

നിലവിൽ ആധാര കക്ഷികളെ തിരിച്ചറിയുന്നതിന് സാക്ഷികളെയും ആധാര കക്ഷികളുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമാണ് ആശ്രയിക്കുന്നത്. രജിസ്‌ട്രേഷൻ സമയത്ത് സാക്ഷി എഴുതുന്ന രീതി പുതിയ സംവിധാനം വരുന്നതോടെ അവസാനിക്കും.

പുതിയ സംവിധാനം തിരഞ്ഞെടുത്ത സബ് രജിസ്ട്രാർ ഓഫീസുകളിൽ ആദ്യം നടപ്പിലാക്കുമെന്നും തുടർന്ന് സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലേക്കും വ്യാപിപ്പിക്കുമെന്നും രജിസ്‌ട്രേഷൻ ഐ.ജി. കെ. ഇമ്പശേഖർ അറിയിച്ചു.