തിരുവനന്തപുരം: രണ്ടായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന ആർത്രോഗ്രിപ്പോസിസ് മൾട്ടിപ്ലക്‌സ് കൺജെനിറ്റ (എ.എം.സി) ബാധിച്ച 21 മാസം പ്രായമുള്ള ആൺകുട്ടിയിൽ അപൂർവവും സങ്കീർണവുമായ അനസ്‌തേഷ്യ വിജയകരമാക്കി കിംസ്‌ഹെൽത്ത്. കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് കേസുകളിൽ ഒന്നാണിതെന്ന് കിംസ് അധികൃതർ അറിയിച്ചു. കിംസ് ഹെൽത്തിലെ സീനിയർ പീഡിയാട്രിക് അനസ്‌തെറ്റിസ്റ്റ്, ഡോ.എം.ചാക്കോ രാമച്ചയും, സീനിയർ പീഡിയാട്രിക് സർജൻ, ഡോ.നൂർ സത്താർ.എൻ.എസും അടങ്ങുന്ന മെഡിക്കൽ ടീമാണ് അനസ്‌തേഷ്യ ശസ്ത്രക്രിയ വിജയകരമാക്കിയത്.
ചെറിയ താടിയെല്ല്,വലിയ നാവ്,മുറിയണ്ണാക്ക് തുടങ്ങിയ ഗുരുതര ശാരീരിക അവസ്ഥകളുമായാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനാൽ ജനറൽ അനസ്‌തേഷ്യ സാദ്ധ്യമല്ലാതായി. അപൂർവ മസ്‌കുലോസ്‌കലെറ്റൽ ഡിസോർഡറായ ആർത്രോഗ്രിപ്പോസിസ് മൾട്ടിപ്ലക്‌സ് കൺജെനിറ്റ പ്രായത്തിനനുസരിച്ച് പുരോഗമിക്കുകയോ കുട്ടിയുടെ ചിന്താശക്തിയെ ബാധിക്കുകയില്ലെങ്കിലും ജനറൽ അനസ്‌തേഷ്യ രോഗിയുടെ മസ്തിഷ്‌ക തകരാറുകൾക്കും ശ്വസനപ്രശ്നങ്ങൾക്കും കാരണമാകും. കുഞ്ഞിന്റെ ഭാരം വെറും 1.9 കിലോ ആയിരുന്നതിനാൽ ഇത്തരമൊരു രോഗാവസ്ഥയിലുള്ള കുട്ടിയിൽ അനസ്‌തേഷ്യ പ്രയോഗിക്കുക എന്നത് വെല്ലുവിളിയായി. നട്ടലിലേയ്ക്ക് മരുന്നുകൾ കുത്തിവയ്ക്കുന്നത് അസാദ്ധ്യമായി. ഈ സാഹചര്യത്തിൽ ടോട്ടൽ ഇൻട്രാവീസ് അനസ്‌തേഷ്യ പ്ലസ് നെർവ് ബ്ലോക്ക് എന്ന പ്രത്യേക രീതിയാണ് ഉപയോഗിച്ചത്. ജനറൽ അനെസ്‌തേഷ്യയിൽ നിന്ന് വ്യത്യസ്തമായി സിരകളിലേക്ക് നേരിട്ട് മരുന്നുകൾ കുത്തിവയ്ക്കുകയും മസ്തിഷ്‌കത്തിൽ നിന്ന് ശസ്ത്രക്രിയ നടത്തുന്ന ഭാഗത്തേയ്ക്കുള്ള ഇമ്പൾസുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ശസ്ത്രക്രിയയിലുടനീളം, കുഞ്ഞിന് സ്ഥിരതയുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു.