c-i-saiju

തിരുവനന്തപുരം: രണ്ടാമതും പീഡന കേസിൽ പ്രതിയായ എറണാകുളം കൺട്രോൾ റൂം എസ്.എച്ച.ഒ എ.വി സൈജുവിനെ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് സസ്പെന്റ് ചെയ്തു. മലയീൻകീഴ് സ്റ്റേഷനിൽ സി.ഐയായിരുന്നപ്പോൾ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ ഇയാൾ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നു. വ്യാജ രേഖ ചമച്ചാണ് ഇയാൾ ജാമ്യം നേടിയതെന്ന് ഡോക്ടർ സർക്കാരിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഡോക്ടർ കേസ് കൊടുക്കുമെന്ന മുൻധാരണയിൽ മലയീൻകീഴ് സ്റ്റേഷനിലെ റൈറ്റർ പ്രദീപുമായി ചേർന്ന് സൈജു വ്യാജ രേഖ ചമച്ചതായി കണ്ടെത്തി. ഇതേ തുടർന്നാണ് സൈജുവിനെയും പ്രദീപിനെയും സസ്‌പെന്റ് ചെയ്തത്. വകുപ്പ് തല നടപടിക്ക് ഹെഡ് ക്വട്ടേഴ്സ് എ.ഡി.ജി.പിയെ ചുമതലപ്പെടുത്തി. പൊലീസ് സംഘടനയുടെ ജില്ലാ നേതാവിയിരുന്ന ഇയാളെ ആദ്യ ബലാത്സംഗ കേസുണ്ടായപ്പോൾ സ്ഥലം മാറ്റി രക്ഷിക്കുകയായിരുന്നു. അതേസമയം കുടുംബ സുഹൃത്തായ അദ്ധ്യാപികയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇന്നലെ ഇയാൾക്കെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തത്. അദ്ധ്യാപികയെ സൈജു ട്യൂഷൻ പഠിപ്പിച്ചിരുന്നു, ആ പരിചയം മുതലെടുത്തായിരുന്നു പല സ്ഥലങ്ങളിലും എത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. ഇവർ പുരവൂർക്കോണത്തെ സി.ഐയുടെ വീട്ടിലെത്തിയപ്പോൾ സി.ഐയുടെ ഭാര്യ പരാതിക്കാരിയെ മർദ്ദിച്ചു. ഇവർക്കെതിരെ കൈയ്യേറ്റത്തിന് കേസെടുത്തിട്ടുണ്ട്. വീട്ടിൽ അതിക്രമിച്ച് കടന്ന് മകളെ ശാരീരികമായി ഉപദ്രവിച്ചെന്ന് കാട്ടി സി.ഐയും കുടുംബവും നൽകിയ പരാതിയിൽ അദ്ധ്യാപികയ്‌ക്കും ഭർത്താവിനുമെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.