തിരുവനന്തപുരം: പുരുഷന്മാർക്കുള്ള സ്ഥിരം കുടുംബാസൂത്രണ മാർഗമായ നോ- സ്‌കാൽപൽ വാസക്ടമി (എൻ.എസ്.വി) ക്യാമ്പുകൾ ഇന്നുമുതൽ 3 വരെ ജില്ലയിൽ സംഘടിപ്പിക്കുമെന്ന് ഡി.എം.ഒ ഡോ.ബിന്ദു മോഹൻ അറിയിച്ചു. പൂർണമായും സൗജന്യമായ എൻ.എസ്.വി ലളിതവും സുരക്ഷിതവും രക്തസ്രാവമില്ലാത്തതും വേദനാരഹിതവുമാണ്.എൻ.എസ്.വി കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ വീട്ടിൽ പോകാം. ഇന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും നാളെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലും മറ്റന്നാൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിലുമാണ് ക്യാമ്പ്. രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് ഒന്നുവരെയാണ് സമയം. ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് ക്യാമ്പ് നടക്കുന്ന ആശുപത്രികളിലേക്കും തിരിച്ചും വാഹന സൗകര്യം ഉണ്ടായിരിക്കും.സർക്കാർ ഉദ്യോഗസ്ഥർക്ക് സ്‌പെഷ്യൽ കാഷ്വൽ ലീവ് ലഭിക്കും.എൻ.എസ്.വിക്ക് വിധേയമാകുന്ന എല്ലാവർക്കും 1100 രൂപ ധനസഹായവും ലഭിക്കും.