
വിഴിഞ്ഞം: യന്ത്ര സഹായത്തോടെയുള്ള വെള്ളായണി കായൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അദാനി വിഴിഞ്ഞം തുറമുഖത്തിന്റെ സാമൂഹ്യപ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ, വെങ്ങാന്നൂർ ഗ്രാമപഞ്ചായത്ത്, നീർത്തടാകം പരിസ്ഥിതി സംഘടന, വിവിധ സാമൂഹ്യ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് യന്ത്ര സഹായത്തോടെയുള്ള വെള്ളയാണി കായൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ശുചീകരണ യജ്ഞം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ, അദാനി ഫൗണ്ടേഷൻ സുസ്ഥിര ഉപജീവന വിഭാഗം ദേശീയ മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി വൽസൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. അജിത, ഗ്രാമ പഞ്ചായത്ത് അംഗം അഷ്ടപാലൻ, നീർത്തടാകം പ്രസിഡന്റ് കിരൺ, സെക്രട്ടറി ജയകുമാർ , അദാനി തുറമുഖ കമ്പനി എച്ച്.ആർ വിഭാഗം മേധാവി വിപിൻ ശേക്കുറി എന്നിവർ ശുചീകരണ യജ്ഞത്തിന് നേതൃത്വം നൽകി. അദാനി കമ്പനി പ്രതിനിധികൾ, ഫൗണ്ടേഷൻ പ്രവർത്തകർ എന്നിവരും യജ്ഞത്തിൽ പങ്കാളികളായി.
വരുന്ന 30 ദിവസം കൊണ്ട് വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിന്റെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ സമ്പൂർണ കായൽ ശുചീകരണം പൂർത്തിയാക്കുമെന്ന് അദാനി ഫൗണ്ടേഷൻ പ്രതിനിധികൾ അറിയിച്ചു.
കൂടാതെ നീക്കം ചെയ്യുന്ന കുളവാഴ വെള്ളായണി കാർഷിക കോളേജിന്റെ സാങ്കേതിക സഹകരണത്തോടെ ജൈവവളമാക്കി മാറ്റുന്നതിനുള്ള പദ്ധതിയും കുളവാഴകളിൽ നിന്ന് ബയോഗ്യാസ് നിർമ്മിക്കുന്നതിനാവശ്യമായ ഒരു മാതൃകാ പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പിലാക്കുമെന്നും അദാനിഫൗണ്ടേഷൻ പ്രതിനിധികൾ അറിയിച്ചു.