വാമനപുരം: പഞ്ചായത്തുതല കേരളോത്സവത്തിൽ ഭരണപക്ഷ കക്ഷികളുടെ ഇഷ്ടക്കാർക്ക് നിയമവിരുദ്ധമായി ഓവറാൾ ചാംമ്പ്യൻഷിപ്പ് നൽകിയതിൽ പ്രതിഷേധം ഉയരുന്നു. വാമനപുരം പഞ്ചായത്തിൽ കഴിഞ്ഞ ദിവസം അവസാനിച്ച കേരളോത്സവത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുകയാണ്.കേരളോത്സവത്തിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ ക്ളബിനെ മറികടന്ന് ഭരണപക്ഷത്തെ അംഗങ്ങളും പോഷകസംഘടനയിലെ അംഗങ്ങളുമുള്ള ക്ളബിനാണ് ഓവറാൾ ട്രോഫി നൽകിയത്.
യുവജനക്ഷേമ ബോർഡിന്റെ സർക്കുലറിൽ കലാകായിക മത്സരങ്ങൾക്ക് ഗ്രേസ് മാർക്ക് നൽകാതെ ഭരണകക്ഷിയുടെ അംഗങ്ങളുള്ള ക്ലബിന് ഓവറാൾ നൽകിയത് നിയമവിരുദ്ധമാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
പഞ്ചായത്ത് ഭരിക്കുന്നത് എൽ.ഡി.എഫാണെങ്കിലും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനം യു.ഡി.എഫിനായിരുന്നു.അതു കൊണ്ട് തന്നെ മത്സരങ്ങളുമായി ബന്ധപ്പെട്ട ആലോചനകളിലും സംഘാടനത്തിലും ബന്ധപ്പെട്ട സാൻഡിംഗ് കമ്മറ്റി ചെയർമാനെ ഉൾപ്പെടുത്തിയില്ലെന്നും ആരോപണമുണ്ട്.ഈ സാഹചര്യത്തിൽ കേരളോത്സവത്തിന്റെ വിജയിയെ കണ്ടെത്തിയ നടപടി റദ്ദാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം.
പിടിപ്പുകേടും സ്വജന പക്ഷപാതവുമെന്ന് 
സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ
വാമനപുരം ഗ്രാമപഞ്ചായത്തിൽ നടന്ന കേരളോത്സവം സ്വജനപക്ഷപാതവും പിടിപ്പുകേടുകളും നിറഞ്ഞതെന്ന് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീജ ഉണ്ണിക്കൃഷ്ണൻ ആരോപിച്ചു. ഇഷ്ടക്കാർക്ക് ഓവറാൾ നൽകുന്നതിനുള്ള ഗൂഢനീക്കങ്ങളാണ് സംഘാടക സമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. വിഷയങ്ങൾ ഉന്നയിച്ച് യുവജനക്ഷേമ ബോർഡിനും മന്ത്രിക്കും പരാതി നൽകിയതായി മെമ്പറും ചെയർപേഴ്സണുമായ ശ്രീജ ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.