jefrinjobin

പാറശാല: സിമന്റ് ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാരോട് തെങ്ങറത്തല വീട്ടിൽ ജഫ്രീൻ (19),കാരോട് താഴവിള വീട്ടിൽ ജോബിൻ (22) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 1ന് ഊരമ്പ് പിൻകുളം എം.എസ്.സി ചർച്ചിന് മുന്നിലുള്ള കൊടുംവളവിലായിരുന്നു അപകടം.

ഊരമ്പിൽ നിന്ന് സിമന്റുമായി പൊഴിയൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ഊരമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാക്കളാണ് അപകടത്തിൽ തത്ക്ഷണം മരിച്ചത്. ഈ ബൈക്കിൽ ഉണ്ടായിരുന്ന മൂന്നാമത്തെയാളായ കാരോട് തെങ്ങറത്തല വീട്ടിൽ ജീനോ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കൊടുംവളവിൽ ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിലെ യാത്രക്കാർ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. യുവാക്കളുടെ തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊഴിയൂർ പൊലീസ് കേസെടുത്തു.