തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിടുന്നതിന് ജോയിന്റ് രജിസ്ട്രാർ നൽകിയ നോട്ടീസ് ആധികാരികമായ രേഖകളില്ലാതെയാണെന്നും അന്വേഷണ റിപ്പോർട്ടിനൊപ്പം ചേർത്തിരിക്കുന്ന രേഖകൾ അപൂർണവും താത്കാലികമായി തയ്യാറാക്കിയതാണെന്നും ഹൈക്കോടതി നിരീക്ഷണം. ദ്രുതഗതിയിൽ തയ്യാറാക്കിയ താത്കാലിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ പാടില്ലെന്നും നിർദ്ദേശിച്ചു.നിലവിലെ പ്രസിഡന്റായ എൻ.ഭാസുരാംഗൻ ഒഴികെ മറ്റാരും പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിനാൽ ഭരണസമിതിയെ പിരിച്ചുവിടുന്നതിനായി ജോയിന്റ് രജിസ്ട്രാർ നൽകിയ നോട്ടീസിന് പ്രസക്തി ഇല്ലാതായെന്ന് കോടതി വ്യക്തമാക്കി.ബാങ്കിന്റെ ബാലൻസ് ഷീറ്റ് പോലും ശരിയായി തയ്യാറാക്കാതെയാണ് ഭരണസമിതി പിരിച്ചുവിടുന്നതിനുള്ള നടപടികൾക്കായി നോട്ടീസ് നൽകിയത്. 2021 ഡിസംബർ 31 വരെയുള്ള വരവ് ചെലവ് കണക്കുകൾ ബാങ്ക്, ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത ശേഷമാണ് അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമാക്കി ലഭ്യമാക്കിയത്. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന എല്ലാ രേഖകളും ബാങ്കിനും ഭരണസമിതിക്കും കൈമാറണം. ഇത് വിശദമായി പരിശോധിച്ച് മറുപടി നൽകാൻ ബാങ്കിന് കൂടുതൽ സമയം കോടതി അനുവദിച്ചു. പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നാളെ നടക്കും.