nb

തിരുവനന്തപുരം: മുളകുപൊടിയെറിഞ്ഞ് വൃദ്ധന്റെ മാല കവർന്ന കേസിലെ പ്രതിയെ പൊലീസ് തമിഴ്നാട്ടിൽ നിന്ന് പിടികൂടി. തെങ്കാശി, പുളിയങ്കുടി തെക്കെ തെരുവ് സ്വദേശി മൊഖീദ്ധീൻ അബ്ദുൾ ഖാദറിനനെയാണ് ( 22 )​ സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹായത്തോടെ പൂജപ്പുര പൊലീസ് അറസ്റ്റുചെയ്‌തത്. ഒളിവിൽ പോയ പ്രതിയെ തമിഴ്‌നാട് തെങ്കാശിയിലെ ഒളിത്താവളത്തിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടിനാണ് സംഭവം. കുന്നപ്പുഴ ജംഗ്ഷനിൽ മുറുക്കാൻ കട നടത്തുന്ന ജോൺസനെ ആക്രമിച്ചാണ് കവർച്ച നടത്തിയത്. കടയടച്ച് വീട്ടിലേക്ക് പോകുകയായിരുന്ന ജോൺസനെ തടഞ്ഞുനിറുത്തി കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കഴുത്തിൽ കിടന്ന മൂന്ന് പവനോളം വരുന്ന സ്വർണമാല കവർന്നെടുത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൂജപ്പുര പൊലീസ് കേസെടുത്തശേഷം സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീം അംഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സി.സി ടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതി സമീപ സ്ഥലത്തെ ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായ മൊഖീദീനാണെന്ന് തിരിച്ചറിഞ്ഞത്.