പനമരം: പനമരം ചെറുപുഴ പാലത്തിന്റെ നിർമാണോദ്ഘാടനം ഇന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ ഒ.ആർ.കേളു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എക്സിക്യൂട്ടീവ് എൻജിനിയർ ബി.അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ബീനാച്ചി -പനമരം റോഡിലുളള പാലത്തിന്റെ പുനർ നിർമ്മാണത്തിന് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി രൂപയാണ് ചെലവിടുന്നത്. 18 മാസത്തിനകം പണി പൂർത്തിയാക്കും. പാലത്തിന്റെ ആകെ നീളം 44 മീറ്ററാണ്. 1.5 മീറ്റർ വീതിയിൽ നടപാത ഉൾപ്പെടെ 11 മീറ്റർ വീതിയിലാണ് നിർമ്മാണം. പനമരം ഭാഗത്തേക്ക് 200 മീറ്ററും നടവയൽ ഭാഗത്തേക്ക് 120 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡും നിർമിക്കും. പാലത്തിനോട് ചേർന്ന് പുഴയുടെ സംരക്ഷണ ഭിത്തി നിർമാണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.