മാനന്തവാടി: സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി വള്ളിയൂർക്കാവിൽ നിർമാണം പൂർത്തിയായ വള്ളിയൂർക്കാവ് പ്രദർശന- വിപണന കേന്ദ്രം ഇന്ന് രാവിലെ 8.30ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഒ.ആർ.കേളു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി മുഖ്യപ്രഭാഷണം നടത്തും. 4 കോടി 87 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. വള്ളിയൂർക്കാവിന്റെ ചരിത്രവും പൈതൃകവും തിരികെ എത്തിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം ആരംഭിച്ചത്. പരമ്പരാഗത ഉത്പ്പന്നങ്ങളുടെ വിപണനത്തിനായി ഒരുക്കിയിട്ടുള്ള സംരംഭം വളളിയൂർക്കാവിനും വയനാടിന്റെ ടൂറിസം മേഖലയ്ക്കും പ്രചോദനമാകും.